ഇനി മാസ്‌ക് വേണ്ട ; ഡോക്ടറുടെ മാസ്‌ക് വലിച്ചൂരി നവജാത ശിശു ; പ്രതീക്ഷയുടെ അടയാളമെന്ന് ലോകം
കൊറോണ മഹാമാരിയില്‍ ലോകം പകച്ചു നില്‍ക്കുമ്പോള്‍ പ്രതീക്ഷയായി ഒരു നവജാത ശിശുവിന്റെ ചിത്രം. അമ്മയുടെ വയറ്റില്‍ നിന്ന് പുറത്തു വന്ന ഉടന്‍ തന്നെ പുറത്തെടുത്ത ഡോക്ടറുടെ സര്‍ജിക്കല്‍ മാസ്‌ക് വലിച്ചൂരാന്‍ ശ്രമിക്കുന്ന നവജാത ശിശുവിന്റെ ചിത്രമാണ് പല മാനങ്ങള്‍ തേടുന്നത്. യുഎഇയില്‍ നിന്നുള്ളതാണ് ഈ ചിത്രം. യുഎഇയിലെ ഗൈനക്കോളജിസ്റ്റായ ഡോ. സമര്‍ ചെഅയൈബ് ആണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നവജാത ശിശുവിനെ ഡോക്ടര്‍ കൈയ്യില്‍ പിടിച്ചിരിക്കുകയാണ്. എന്നാല്‍ കുഞ്ഞ് ഡോക്ടറുടെ മാസ്‌ക് വലിച്ചൂരാന്‍ ശ്രമിക്കുകയാണ്. അങ്ങനെ ഡോക്ടറുടെ ചിരി കാണാന്‍ കഴിയുന്നുണ്ട്- ഇതാണ് വൈറലായ ചിത്രം.
നമ്മള്‍ ഉടന്‍ തന്നെ മാസ്‌കുകള്‍ ഊരിമാറ്റാന്‍ പോകുന്നു എന്നതിന്റെ ഒരു അടയാളം നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്നു’- എന്നാണ് ചിത്രം പങ്കുവെച്ചു കൊണ്ട് ഡോ. സമര്‍ ചെഅയൈബ് കുറിച്ചത്. കോവിഡിന്റെ പ്രതിരോധത്തിനായി മാസ്‌ക് ധരിക്കുന്നത് പല രാജ്യങ്ങളും നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇഷ്ടമില്ലെങ്കില്‍ക്കൂടി എല്ലാവരും മാസ്‌ക് ധരിക്കാറുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് ഉടന്‍ മോചനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഈ വൈറല്‍ ചിത്രം പങ്കുവയ്ക്കുന്നത്.
നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറലായത്. ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തിന് 13, 900 ലൈക്കുകളാണ് ലഭിച്ചത്. നല്ലൊരു ഭാവി ഉണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ഈ ചിത്രമെന്ന് പലരും അഭിപ്രായപ്പെട്ടിരിക്കുന്നു. 2020ന്റെ ചിത്രം(photo of 2020) എന്നാണ് മറ്റു ചിലര്‍ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. വളരെ മനോഹരവും അര്‍ഥവത്തായതുമായ ചിത്രം. എന്താണ് ശരിയെന്ന് കുഞ്ഞിന് അറിയാം… നമുക്ക് ശ്വസിക്കണം- മറ്റൊരാളുടെ കമന്റ് ഇങ്ങനെയാണ്. ഏറ്റവും മനോഹരമായ ചിത്രമാണിതെന്നും മാസ്‌കുകള്‍ ഉടന്‍ മാറ്റാനാകുമെന്ന് പ്രതീക്ഷിക്കുയാണെന്നും ഒരാള്‍ കമന്റ് ചെയ്യുന്നു. ചിത്രം പങ്കുവെച്ചതിന് ഡോക്ടര്‍ക്ക് നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.