സ്വിസ് പ്രവാസികൂട്ടായ്മയുടെ പുസ്തകം ‘മഞ്ഞില്‍ വിരിഞ്ഞ ഓര്‍മ്മകള്‍’ സക്കറിയ പ്രകാശനം ചെയ്യും
ജേക്കബ് മാളിയേക്കല്‍
സൂറിക്ക്: സ്വിറ്റ്സര്‍ലണ്ടില്‍നിന്നുമുള്ള ഭാഷാപ്രേമികളായ ഒരു കൂട്ടം മലയാളികള്‍ ചേര്‍ന്ന് ഒരു പുസ്തകം രചിച്ചു പ്രകാശനം ചെയ്യുന്നു.മലയാളഭാഷയെ സ്‌നേഹിക്കുന്ന ചങ്ങാതിക്കൂട്ടമെന്ന സൗഹൃദവലയത്തില്‍ നിന്നുള്ള 10 പേരാണ് ഇതില്‍ എഴുതിയിരിക്കുന്നത്. സാംസ്‌കാരിക സാഹിത്യ ചര്‍ച്ചകള്‍ നടത്തി വരുന്ന ചങ്ങാതിക്കൂട്ടത്തില്‍ ആണ് ഇങ്ങനെ ഒരാശയം ജനിക്കുന്നതും പിന്നീട് സാക്ഷാല്‍ക്കരിക്കുന്നതും.
ഓര്‍മ്മകളുടെ തീഷ്ണ ഗന്ധമുള്ള രചനാസമാഹാരത്തിന്റെ പേര് മഞ്ഞില്‍ വിരിഞ്ഞ ഓര്‍മ്മകള്‍ എന്നാണ്.
സുനില്‍ പി ഇളയിടം അവതാരിക എഴുതിയ പുസ്തകത്തിന്റെ പബ്ലിഷേഴ്സ് ഇന്ദുലേഖ ആണ്. ഓര്‍മ്മകളുടെ പുസ്തകമാണിത്. ഇതില്‍ പച്ചയായ അനുഭവങ്ങളുണ്ട്. മനസ്സിന്റെ ഉള്ളറയില്‍ 40 – 50 വര്‍ഷങ്ങള്‍ സൂക്ഷിച്ചു വച്ച സ്പുടിക്കുന്ന സ്മരണകള്‍ അക്ഷരങ്ങളായി പ്രകാശം കാണുന്നു.
ഒക്ടോബര്‍ 25ന് 11 മണിക്ക് മലയാളത്തിന്റെ അറിയപ്പെടുന്ന എഴുത്തുകാരന്‍ സക്കറിയ ഓണ്‍ലൈനില്‍ പുസ്തക പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കും. ജെയിംസ് തെക്കേമുറി, ബേബി കാക്കശ്ശേരി, ടോം കുളങ്ങര, ജേക്കബ് മാളിയേക്കല്‍, ജോജോ വിച്ചാട്ട് ,അഗസ്റ്റിന്‍ പറാണികുളങ്ങര, ആന്റണി പനക്കല്‍, ഫൈസല്‍ അഷ്ടമിച്ചിറ, ജോണ്‍ കുറിഞ്ഞിരപ്പള്ളി, സുരാജ് കൊച്ചേരില്‍ എന്നിവരാണ് ഇതില്‍ എഴുതിയിരിക്കുന്നത്.