പാരീസില്‍ മുസ്ലിം വനിതകള്‍ക്ക് നേരെ ആക്രമണം ; രണ്ടു പേര്‍ക്ക് കുത്തേറ്റു

പാരീസില്‍ രണ്ടു മുസ്ലീം സ്ത്രീകള്‍ക്ക് നേരെ കത്തിയാക്രമണം. ഈഫല്‍ ടവറിന് സമീപത്താണ് സംഭവം. ‘വൃത്തികെട്ട അറബികളെ’ എന്ന് ആക്രോശിച്ചുകൊണ്ട് ഫ്രഞ്ച് വംശജരായ സ്ത്രീകളാണ് ഇവരെ കുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകളെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുത്തേറ്റ രണ്ടുപേരും ആശുപത്രിയിലാണ്. അള്‍ജീരിയന്‍ വംശജരായ രണ്ടുപേരാണ് ആക്രമിക്കപ്പെട്ടത്. ഇതില്‍ ഒരാളടെ പേര് കെന്‍സ (49) എന്നാണ്. ‘ഞങ്ങള്‍ നടക്കാന്‍ പോയിരുന്നു. ഈഫല്‍ ടവറിന്റെ സമീപത്ത് ഒരു ചെറിയ ഇരുണ്ട പാര്‍ക്ക് ഉണ്ട്, ഞങ്ങള്‍ അതുവഴി നടന്നു. ഞങ്ങള്‍ നടക്കുമ്പോള്‍ രണ്ട് നായ്ക്കള്‍ ഞങ്ങളുടെ അടുത്തേക്ക് വരുന്നു, ‘കെന്‍സ ലിബറേഷന്‍ ദിനപത്രത്തോട് പറഞ്ഞു. ‘ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ഭയപ്പെട്ടു. തട്ടമിട്ട എന്റെ കസിന്‍, കുട്ടികള്‍ ഭയപ്പെടുന്നതിനാല്‍ അവരുടെ നായ്ക്കളെ അവരുടെ കൂടെ നിര്‍ത്താന്‍ കഴിയുമോ എന്ന് രണ്ട് സ്ത്രീകളോടും ചോദിച്ചു. ‘

അവര്‍ വിസമ്മതിച്ചതിന് ശേഷം, ‘രണ്ടുപേരില്‍ ഒരാള്‍ കത്തി പുറത്തെടുത്തു, അവള്‍ എന്നെ തലയിലും വാരിയെല്ലുകളിലും കുത്തി, കൈയില്‍ മൂന്നാമതും കുത്തി,’ കെന്‍സ പറഞ്ഞു. ‘അവര്‍ എന്റെ കസിനെയും ആക്രമിച്ചു.’- അവര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കെന്‍സയെയും ഒപ്പമുണ്ടായിരുന്ന ബന്ധുവായ സ്ത്രീയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കെന്‍സയുടെ ബന്ധുവിന് കൈയ്ക്കാണ് കുത്തേറ്റത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഭയാര്‍ഥിയായ മുസ്ലീം വംശജനായ യുവാവ് 47 കാരനായ അദ്ധ്യാപകന്‍ സാമുവല്‍ പാറ്റിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ക്ലാസില്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകളെ കുറിച്ച് ക്ലാസെടുത്തതിന് പിന്നാലെയാണ് പാറ്റി കൊലചെയ്യപ്പെട്ടത്. ഇസ്ലാമിക തീവ്രവാദത്തിനെതിരായ ബില്‍ കൊണ്ടുവരാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ശ്രമിക്കുന്നതിനിടെയാണ് ഫ്രാന്‍സില്‍ ഈ സംഭവങ്ങളൊക്കെ അരങ്ങേറിയത്. തുടര്‍ന്ന് ശക്തമായ നടപടികളാണ് രാജ്യത്തു മുസ്ലീങ്ങള്‍ക്ക് നേരെ കൈക്കൊള്ളുന്നത്. കഴിഞ്ഞ ദിവസം മുസ്ലിം പള്ളികള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ് വന്നിരുന്നു.