ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ല എങ്കില്‍ നവംബര്‍ മുതല്‍ പാചക വാതകം ലഭിക്കില്ല

ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ല എങ്കില്‍ നവംബര്‍ മുതല്‍ നിങ്ങള്‍ക്ക് വീടുകളില്‍ പാചക വാതകം ലഭിക്കില്ല. വീട്ടിലെത്തുന്ന പാചക വാതകം വാങ്ങാനുള്ള ഈ പുതിയ സംവിധാനം, DAC അഥവാ Delivery Authentication Code നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. അതായത് പാചകവാതക വിതരണത്തിനും ഇനിമുതല്‍ ഒറ്റതവണ പാസ്വേര്‍ഡ് (OTP) നിര്‍ബന്ധമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. സിലിണ്ടറുകളുടെ മോഷണം തടയാനും യഥാര്‍ത്ഥ ഉടമകളെ തിരിച്ചറിയാനുമാണ് ഈ സംവിധാനം നടപ്പിലാക്കിയിരിയ്ക്കുന്നത്.

OTP ലഭിക്കാനുളള നടപടി വളരെ ലളിതമാണ്. മൊബൈല്‍ വഴി പാചകവാതക സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ ഒരു കോഡ് ലഭിക്കും. ഗ്യാസ് വിതരണ സമയത്ത് ഈ കോഡ് കാണിച്ചാല്‍ മതിയാകും. OTP നല്‍കിയാലെ വിതരണ പ്രക്രിയ പൂര്‍ത്തിയാകൂ. ഇത് ഉപഭോക്താവിന്റെ സുരക്ഷയെ സംബന്ധിച്ച് ഒരു ചുവടുവയ്പ്പാണെന്ന് പറയുമ്പോഴും കൃത്യമായി മേല്‍വിലാസം പുതുക്കാത്തവര്‍ക്ക് അല്‍പം ബുദ്ധിമുട്ടുണ്ടാക്കാനാണ് സാധ്യത. മേല്‍വിലാസവും ഫോണ്‍നമ്പരും കൃത്യമായിരിക്കേണ്ടത് ഈ അവസരത്തില്‍ പ്രധാനമാണ്.

അതിനാല്‍ മൊബൈല്‍ നമ്പറില്‍ മാറ്റമുണ്ടെങ്കില്‍ അത് അപ്ഡേറ്റ് ചെയ്യണം. കൂടാതെ, ഗ്യാസ് ഏജന്‍സിയില്‍ നല്‍കിയിട്ടുള്ള വിലാസം താമസ സ്ഥലത്തില്‍നിന്ന് വ്യത്യാസമുണ്ടെങ്കില്‍ അതും പുതുക്കി നല്‍കണം. അല്ലാത്തപക്ഷം നവംബര്‍ ഒന്നുമുതല്‍ സിലണ്ടര്‍ ലഭ്യമാകില്ല.