കോണ്‍ഗ്രസിന് ‘ബിജെപി ലൈറ്റ്’ ആയി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല എന്ന് ശശി തരൂര്‍

‘ബിജെപി ലൈറ്റ്’ ആയി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സാധിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂര്‍. കോണ്‍ഗ്രസ് ഒരിക്കലും ബിജെപിയുടെ ആശയങ്ങളെ മുന്നോട്ടുവെക്കുന്നില്ല. മാത്രമല്ല, രാജ്യത്തിന്റെ മതേതര കാഴ്ചപ്പാട് തകര്‍ക്കാന്‍ സാധിക്കില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.

രാജ്യത്തെ മതേതരത്വം അപകടാവസ്ഥയിലാണ് ഇപ്പോള്‍. അത് തത്വത്തിലും പ്രവര്‍ത്തന രീതിയിലും. ഭരിക്കുന്നവര്‍ മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍ നിന്ന് ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. ബിജെപിയുടെ ആശയങ്ങളെ കോണ്‍ഗ്രസ് ചെറിയ രീതിയില്‍ പോലും മുന്നോട്ട് വയ്ക്കുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ‘ബിജെപി ലൈറ്റ്’ ആയി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. അത് കോണ്‍ഗ്രസ് പാര്‍ട്ടിയെ ‘സീറോ’ ആക്കി മാറ്റുമെന്നും ശശി തരൂര്‍ വ്യക്തമാക്കി. ‘ദി ബാറ്റ്ല്‍ ഓഫ് ബിലോങ്ങിങ്’ എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് വാര്‍ത്താ ഏജന്‍സി പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.