ഐ ഫോണ്‍ വാങ്ങാന്‍ സ്വന്തം കിഡ്‌നി വിറ്റ യുവാവിനു സംഭവിച്ചത്
ആപ്പിളിന്റെ പേരുള്ള ഉപകരണങ്ങള്‍ക്ക് ലോകമെമ്പാടും പ്രത്യേക ഒരു ഡിമാന്റ് ആണ് എപ്പോഴും. ഉപയോഗത്തില്‍ ഉപരി ആഡംബരത്തിനും മറ്റുമായിട്ടാണ് പലരും ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത്. അതുപോലെതന്നെ ശക്തമായ ഒരു ആരാധക വൃന്ദം അവര്‍ക്ക് കാലങ്ങളായി ഉണ്ട്. മുഖ്യമായും ആപ്പിള്‍ ഐ ഫോണിനാണ് ഏറ്റവും ആരാധകര്‍ ഉള്ളത്. അതുകൊണ്ടുതന്നെ ഐ ഫോണിന്റെ ഓരോ പുതിയ മോഡലുകള്‍ ഇറങ്ങുമ്പോഴും എത്ര വില കൊടുത്തും അവ സ്വന്തമാക്കാന്‍ പലരും ശ്രമിക്കുന്നത്.
ഒക്ടോബര്‍ 13 നാണ് ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍ 12 സീരിസ് പുറത്തിറക്കിയത് . ഫോണിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇനിയും തീര്‍ന്നിട്ടില്ല. ചിലര്‍ ഫോണിലെ ഫീച്ചറുകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ചിലര്‍ ഉയര്‍ന്ന വിലയെക്കുറിച്ചാണ് സംസാരിക്കുന്നത്. ഫോണ്‍ വില പ്രഖ്യാപിച്ചതിനു പിന്നാലെ നിരവധി ട്രോളുകളും പുറത്തിറങ്ങിയിരുന്നു. ഫോണിന്റെ വിലയെക്കുറിച്ചായിരുന്നു അവയില്‍ പലതും. ഐഫോണ്‍ വാങ്ങുന്നതിനായി മോഷ്ടിക്കാന്‍ ഇറങ്ങേണ്ട അവസ്ഥയാണെന്നും, കിഡ്നി വിറ്റാലോ എന്നുംവരെ ട്രോളുകള്‍ ഇറങ്ങിയിരുന്നു.
എന്നാല്‍ ഈ കിഡ്നി ട്രോളുകള്‍ വെറും തമാശയല്ല എന്നതാണ് സത്യം. ഇതിനു പിന്നിലും ഒരു ഞെട്ടിക്കുന്ന കഥയുണ്ടെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. 2011 ല്‍ ചൈനയിലാണ് സംഭവം നടന്നത്. ആപ്പിളിന്റെ രണ്ട് പ്രോഡക്ടുകള്‍ വാങ്ങുന്നതിനായി വാങ് ഷാങ്ഹു എന്ന യുവാവ് തന്റെ കിഡ്നി വില്‍ക്കുകയായിരുന്നു. തന്റെ 17 ാം വയസിലായിരുന്നു വാങ് ഷാങ്ഹു തന്റെ കിഡ്നി ബ്ലാക്ക് മാര്‍ക്കറ്റില്‍ വിറ്റത്. ഇതില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് വാങ് ഷാങ്ഹു ഐഫോണ്‍ 4 ഉം ഐപാഡ് 2 ഉം വാങ്ങി.
20000 യുവാനാണ് കിഡ്നി വിറ്റതിലൂടെ യുവാവിന് ലഭിച്ചത്. സെന്‍ട്രല്‍ ഹുനാന്‍ പ്രൊവിന്‍സിലാണ് കിഡ്നി വില്‍ക്കുന്നതിനായി ഇയാള്‍ നിയമവിരുദ്ധമായി ശസ്ത്രക്രിയ ചെയ്തത്. എന്നാല്‍ ഒന്‍പതു വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ യുവാവിന്റെ അവസ്ഥ പരിതാപകരമാണ്. കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇപ്പോള്‍ സ്ഥിരമായി ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിലാണ് വാങ് ഷാങ്ഹു. കിഡ്നി വിറ്റതിന് മാസങ്ങള്‍ക്ക് ശേഷം വാങിന്റെ രണ്ടാമത്തെ കിഡ്നിക്ക് ഇന്‍ഫെക്ഷന്‍ ഉണ്ടാവുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിയുന്തോറും സ്ഥിതി മോശമാകുന്ന അവസ്ഥയിലാണ്.
2011 ല്‍ യുവാവിന്റെ പ്രവര്‍ത്തികളില്‍ സംശയം തോന്നിയ അമ്മ ചോദ്യം ചെയ്തപ്പോള്‍ യുവാവ് കിഡ്നി വില്‍പന നടത്തിയ കാര്യം സമ്മതിച്ചിരുന്നുവെന്ന് എന്‍പിആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ ഒന്‍പതുപേരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ഇപ്പോള്‍ പുറത്തു വന്ന ഐ ഫോണില്‍ ചാര്‍ജര്‍ പോലും കൂടെയില്ല എന്ന പേരിലുള്ള ട്രോളുകള്‍ സജീവമാണ്.