പ്രത്യേക നടപടി ക്രമം തയ്യാറാക്കുമെന്ന് ലോക്നാഥ് ബെഹ്റ ; മാധ്യമ പ്രവര്‍ത്തനത്തിനു എതിരല്ലെന്ന് മുഖ്യമന്ത്രി
പോലീസ് ആക്ട് ഭേദഗതി നടപ്പാക്കാന്‍ പ്രത്യേക നടപടി ക്രമം തയ്യാറാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പോലീസ് ആക്ട് ഭേദഗതിക്കെതിരെ വ്യാപകമായ വിമര്‍ശനവും ആശങ്കകളും ഉയര്‍ന്നതിനിടെയാണ് ബെഹ്റ വിശദീകരണവുമായി എത്തിയിരിക്കുന്നത്. കേരള പോലീസ് ആക്ടില്‍ വരുത്തിയ ഭേദഗതിപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതിനുമുന്‍പ് ഇതുസംബന്ധിച്ച പ്രത്യേക നടപടിക്രമം തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാവും എസ്.ഒ.പി തയ്യാറാക്കുക. ഓര്‍ഡിനന്‍സ് ഒരുവിധത്തിലും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണിത് എന്നും അദ്ദേഹം പറഞ്ഞു.
സൈബര്‍ കുറ്റങ്ങള്‍ തടയാനുള്ള പോലീസ് ആക്റ്റ് ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ആര് പരാതി നല്‍കിയാലും മാധ്യമവാര്‍ത്തകള്‍ക്കെതിരെ അടക്കം പോലീസിന് കേസെടുക്കാന്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. അതേസമയം പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തില്‍ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . മറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും പിണറായി വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയുടെ, പ്രത്യേകിച്ച് ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ട ദുരുപയോഗങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് തുടര്‍ച്ചയായി പരാതി ലഭിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ പരാതി നല്‍കുന്നവരില്‍ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വരെയുണ്ട്. കുടുംബഭദ്രതയെ പോലും തകര്‍ക്കുന്നവിധം മനുഷ്യത്വരഹിതവും നീചവുമായ സൈബര്‍ ആക്രമണം മാധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ ചിലര്‍ നടത്തിയതിന്റെ ദൃഷ്ടാന്തങ്ങള്‍ ഇവര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
സൈബര്‍ ആക്രമണങ്ങള്‍ പലയിടത്തും ദാരുണമായ ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ആക്രമണവിധേയരാകുന്നവര്‍ക്ക് എന്താണ് പറയാനുള്ളത് എന്നതു പോലും തമസ്‌കരിച്ചു കൊണ്ട് നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ വ്യക്തിഗതമായ പകരംവീട്ടലുകള്‍ അല്ലാതെ മാധ്യമപ്രവര്‍ത്തനം ആകുന്നില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



