രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുതിയ്ക്കുന്നു ; എട്ട് ദിവസത്തിനിടെ ഏഴാം തവണയും വില വര്‍ധിച്ചു
തുടര്‍ച്ചയായ ദിവസങ്ങളില്‍ രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. എട്ട് ദിവസത്തിനിടെ ഏഴു തവണയാണ് ഇന്ധനവില വര്‍ധിച്ചത്. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയുമാണ് വര്‍ധിച്ചത്. കഴിഞ്ഞ പത്തു ദിവസത്തിനിടെ ഇത് എട്ടാമത്തെ പ്രാവശ്യമാണ് വില കൂടുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ രാജ്യത്ത് പെട്രോളിന്റെ വില 85 പൈസയും ഡീസലിന് 1.49 രൂപയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ ഇന്നത്തെ വില 76.03 രൂപയായി ഉയര്‍ന്നിട്ടുണ്ട്. അതുപോലെ പെട്രോളിന്റെ വില 82.23 രൂപയുമാണ്.
ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് എണ്ണ കമ്പനികള്‍ ഇന്ധനവില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ നിര്‍ത്തിവച്ചിരുന്ന വില നിയന്ത്രണം നവംബര്‍ 20 മുതല്‍ പുനരാരംഭിച്ചു. ഇതോടെയാണ് വില ഉയരാന്‍ തുടങ്ങിയത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില 48 ഡോളര്‍ കടന്നിട്ടുണ്ട്. കോവിഡ് വാക്‌സിന്റെ ഫലസൂചനയാണ് ക്രൂഡ് വിപണിയില്‍ ഉണര്‍വ് വരുത്തിയത്. ഇന്നലെ ക്രൂഡോയിലിന് ഈ സാമ്പത്തിക വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയത്.