ഡിസംബര്‍ എട്ടിന് ഭാരതബന്ദ്

ഡിസംബര്‍ എട്ടിന് ഭാരതബന്ദിന് ആഹ്വാനം ചെയ്തു കര്‍ഷക സംഘടനകള്‍. രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കുമെന്നും കര്‍ഷകര്‍ അറിയിച്ചു. വിവാദമായ മൂന്നു കാര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. രാജ്യതലസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും തടയുമെന്നും കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം നാളെ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്തിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

ഇതുവരെ നാല് തവണ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. മൂന്ന് ലക്ഷത്തോളം പേരാണ് സമരത്തില്‍ അണിനിരക്കുന്നത്. നിയമങ്ങള്‍ പിന്‍വലിക്കണമെന്നതാണ് തങ്ങളുടെ നിലപാടെന്ന് അതിര്‍ത്തിയില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന ഭാരത് കിസാന്‍ യൂണിയന്‍ വക്താവ് രാകേഷ് ടിക്കൈറ്റ് ഐഎഎന്‍എസിനോട് പറഞ്ഞു. കോര്‍പറേറ്റുകളെ സഹായിക്കുന്നതാണ് ഇപ്പോഴത്തെ നിയമം. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കൂടുതല്‍ കര്‍ഷകര്‍ സമരത്തിനെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാളെ നടക്കുന്ന ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പാല്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ രാജ്യ തലസ്ഥാനത്തേക്ക് എത്തിക്കുന്നത് തടയുമെന്നും നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.