കര്‍ഷക സമരം ; മൂന്നാം വട്ട ചര്‍ച്ചയും പരാജയം

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭം അവസാനിപ്പിക്കാനായി കര്‍ഷക സംഘടന പ്രതിനിധികളുമായുള്ള കേന്ദ്രസര്‍ക്കാരിന്റെ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. നിയമങ്ങള്‍ പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന നിലപാട് കര്‍ഷക നേതാക്കള്‍ ആവര്‍ത്തിച്ചു. നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, നിയമങ്ങള്‍ പിന്‍വലിക്കുന്നത് പ്രായോഗികമല്ലെന്നാണ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ പിടിയിലാണെന്ന് കര്‍ഷകര്‍ വിമര്‍ശനമുന്നയിച്ചു.കാര്‍ഷിക നിയമത്തില്‍ എട്ട് ഭേദതഗതികള്‍ വരുത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചിരുന്നു. എന്നാല്‍ ഭേദഗതികള്‍ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്ന് കര്‍ഷകര്‍ പറഞ്ഞു. ഭേദഗതി അംഗീകരിക്കാന്‍ തയാറല്ലെന്നും കര്‍ഷക സംഘടനകള്‍ കൂട്ടിച്ചേര്‍ത്തു. ഇരുവിഭാഗവും സമവായത്തിലെത്താതെ തങ്ങളുടെ നിലപാടില്‍ ഉറച്ച് നിന്നതോടെയാണ് ചര്‍ച്ച പരാജയമായത്.

പ്രാദേശിക ചന്തകള്‍ക്കും സ്വകാര്യ ചന്തകള്‍ക്കും തുല്യ പരിഗണന, കര്‍ഷകരും വ്യാപാരികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിനു പകരം സിവില്‍ കോടതി പരിഗണിക്കും – ഈ രണ്ടു ഭേദഗതികളാണ് സര്‍ക്കാര്‍ മുന്നോട്ടു വച്ചത്. എന്നാല്‍, നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുക തന്നെ വേണമെന്നും ഭേദഗതികള്‍ അംഗീകരിക്കില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി. നിയമങ്ങള്‍ ആദ്യം പിന്‍വലിക്കുക. പിന്നീട് ആവശ്യമെങ്കില്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തി പുതിയ നിയമങ്ങള്‍ സര്‍ക്കാരിനു പാര്‍ലമെന്റില്‍ പാസാക്കാമെന്നും കര്‍ഷകര്‍ നിലപാടെടുത്തു.