കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രിയങ്കയും സോനവും

രാജ്യ തലസ്ഥാനത്തു കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്രയും സോനം കപൂറും. ഇന്ത്യയുടെ ഭക്ഷ്യ സേനയാണ് കര്‍ഷകരെന്ന് പ്രിയങ്ക ചോപ്ര പറഞ്ഞു. അവരുടെ ഭയം ഇല്ലാതാക്കണം. അവരുടെ പ്രതീക്ഷകള്‍ നിറവേറ്റണം. അഭിവൃദ്ധി പ്രാപിക്കുന്ന ജനാധിപത്യമെന്ന നിലയില്‍ ഈ പ്രതിസന്ധികള്‍ വൈകാതെ പരിഹരിക്കപ്പെടണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

കര്‍ഷക പ്രതിഷേധത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് സോനം കപൂര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കര്‍ഷകരാണ് മനുഷ്യ നാഗരികതയുടെ സ്ഥാപകരെന്ന ഡാനിയല്‍ വെബ്സ്റ്ററുടെ വാചകങ്ങളും സോനം കപൂര്‍ പങ്കുവെച്ചു. സോനത്തിന്റെ ഭര്‍ത്താവും വ്യവസായിയുമായ ആനന്ദ് അഹൂജയും കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.

ഗായകനും നടനുമായ ദില്‍ജിത്ത് ദോസാന്‍ഝ് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഡല്‍ഹിയിലെ തണുപ്പിനെ മറികടക്കാന്‍ കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരു കോടി നല്‍കി. ‘എനിക്ക് സര്‍ക്കാരിനോട് പറയാനുള്ളതിതാണ്- പ്രശ്നങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറരുത്. കര്‍ഷകരുടെ പ്രശ്നത്തിനപ്പുറം വലിയ പ്രശ്നങ്ങളൊന്നും നിലവില്‍ ഇവിടെയില്ല. കര്‍ഷകര്‍ എന്താണോ പറയുന്നത് അത് സര്‍ക്കാര്‍ അംഗീകരിക്കണം. എല്ലാവരും സമാധാനത്തോടെയാണ് ഇവിടെ പ്രതിഷേധിക്കുന്നത്. ഇവിടെ രക്തചൊരിച്ചിലില്ല. സത്യങ്ങളെ വളച്ചൊടിക്കുകയാണ്’.

കര്‍ഷക സമരത്തെ പിന്തുണച്ച് ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്തയും രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് സംവിധായകന്‍ പിന്തുണ പ്രഖ്യാപിച്ചത്. സമരത്തെ പിന്തുണച്ച് ട്വിറ്ററില്‍ വ്യാപകമായി ഉപയോഗിക്കുന്ന ‘ഐ സ്റ്റാന്‍ഡ് വിത്ത് ഫാര്‍മേഴ്‌സ്’ എന്ന ഹാഷ്ടാഗാണ് ഹന്‍സല്‍ മെഹ്ത പിന്തുണച്ച് ട്വീറ്റ് ചെയ്തത്. രാജ്യമെമ്പാടുമായി എല്ലാ മേഖലയില്‍ നിന്നും അകമഴിഞ്ഞ പിന്തുണയാണ് കര്‍ഷകര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.