ഡോളര്‍ കടത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ; ഉന്നത നേതാവ് ആരെന്ന ചോദ്യം അവ്യക്തം

കേരള രാഷ്ട്രീയത്തിനെ ചൂട് പിടിപ്പിക്കാന്‍ തരത്തിലുള്ള വാര്‍ത്തകള്‍ ആണ് ഡോളര്‍ കടത്ത് കേസില്‍ ഇപ്പോള്‍ പുറത്ത് വരുന്നത്. സംസ്ഥാനത്തു ഉന്നത പദവി വഹിക്കുന്ന ഉന്നത രാഷ്ട്രീയ നേതാവിന് ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി മൊഴി നല്‍കി. സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ പി.എസ്. സരിത് കസ്റ്റംസിനോടാണ് രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സരിത്തിന്റെ മൊഴി സ്ഥിരീകരിച്ചും തനിക്ക് ആ നേതാവുമായുള്ള ഉറ്റബന്ധം വെളിപ്പെടുത്തിയും മറ്റൊരു പ്രതിയായ സ്വപ്ന സുരേഷും മൊഴി നല്‍കിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിനൊപ്പം ഡോളറാക്കിയ പണത്തിന്റെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിശദ അന്വേഷണത്തിനൊരുങ്ങുകയാണ്. ഏതു തരത്തിലുള്ള പണമാണു കൈമാറ്റം ചെയ്തതെന്നും ഇതില്‍ ആര്‍ക്കൊക്കെ സാമ്പത്തിക പങ്കാളിത്തമുണ്ടെന്നുമാണ് അന്വേഷിക്കുന്നത്.

പരിശോധനയില്ലാതെ വിമാനം വരെ പോകാവുന്ന വിഐപി പരിരക്ഷയാണ് ഈ നേതാവിന് വിമാനത്താവളത്തില്‍ ലഭിച്ചിരുന്നത്. അതു ദുരുപയോഗം ചെയ്‌തെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. ആരോപണവിധേയനായ ഈ നേതാവ് നടത്തിയ നിരവധി വിദേശയാത്രകളുടെ വിവരവും അന്വേ,ണ സംഘം പരിശോധിക്കുന്നുണ്ട്. ഇതിനായി ഇയാളുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യും. താമസിയാതെ തന്നെ നേതാവിനെയും ചോദ്യം ചെയ്യിലിനു വിളിപ്പിക്കേണ്ടി വരുമെന്നതിനാല്‍ ഇതിന്റെ നിയമവശവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. നേതാവ് കൈമാറിയ പണം, അതിനു പകരമായി ഡോളര്‍ നല്‍കിയ സ്ഥലം എന്നിവയടക്കമുള്ള വിശദാംശങ്ങളും സരിത്ത് കസ്റ്റംസിനോട് വെളിപ്പെടുത്തിയെന്നാണ് വിവരം. ഇടപാടില്‍ താന്‍ നല്‍കിയ സഹായത്തെക്കുറിച്ച് സ്വപ്നയും വെളിപ്പെടുത്തിയിട്ടുണ്ട്.

 

നേതാവുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്വപ്ന വെളിപ്പെടുത്തിയതെന്നാണ് കസ്റ്റംസ് വൃത്തങ്ങല്‍ നല്‍കുന്ന സൂചന.ഒരു വിദേശ സര്‍വകലാശാലയുടെ ഫ്രാഞ്ചൈസി ഷാര്‍ജയില്‍ തുടങ്ങാന്‍ ഈ നേതാവ് പദ്ധതിയിട്ടിരുന്നതായും സ്വപ്ന അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതിനു വേണ്ടിയാണ് ഇവിടെ നിന്നും പണം ഡോളറാക്കി കടത്തിയത്. സര്‍വകലാശാലാ ഫ്രാഞ്ചൈസി തുടങ്ങാന്‍ ബെംഗളൂരുവില്‍ കണ്‍സല്‍റ്റന്‍സി നടത്തുന്ന മലയാളിയാണ് നേതാവിനെ സഹായിച്ചത്. ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരവും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.