ഓട്ടോറിക്ഷ ചിഹ്നത്തില്‍ രജിനി കാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി ‘മക്കള്‍ സേവൈ കക്ഷി’

തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി എന്ന് തീരുമാനിച്ചു. ആദ്യം തീരുമാനിച്ചിരുന്ന അനൈതിന്ത്യ മക്കള്‍ ശക്തി കഴകമെന്ന പാര്‍ട്ടിയുടെ പേരുമാറ്റി രജിസ്റ്റര്‍ ചെയ്തു. പാര്‍ട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. ഇതോടെ തന്റെ എക്കാലത്തെയും ഹിറ്റ് സിനിമയായ ബാഷ സിനിമയുടെ സ്‌റ്റൈലില്‍ രജനി കാന്ത് തമിഴ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് ഏതാണ്ട് ഉറപ്പായി.

സംസ്ഥാനത്തെ 234 നിയമസഭാ സീറ്റുകളിലും മത്സരിക്കാനാണ് പുതിയ പാര്‍ട്ടി ഒരുങ്ങുന്നത്. ജനുവരിയില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വരുമെന്ന് രജിനി കാന്ത് ഡിസംബര്‍ എട്ടിന് വ്യക്തമാക്കിയിരുന്നു. ”വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍, ഞങ്ങള്‍ തീര്‍ച്ചയായും വിജയിക്കുകയും ജാതി-മത വ്യത്യാസമില്ലാതെ സത്യസന്ധവും സുതാര്യവും അഴിമതി രഹിതവും ആത്മീയവുമായ രാഷ്ട്രീയം പ്രദാനം ചെയ്യുകയും ചെയ്യും” – രജിനികാന്ത് വ്യക്തമാക്കി. തീരുമാനം സംബന്ധിച്ച കൂടുതല്‍ പ്രഖ്യാപനം ഡിസംബര്‍ 31 ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രജനീകാന്തിന്റെ രാഷ്ട്രീയ അരങ്ങേറ്റം തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റം വരുത്തുമെന്നും ഡിഎംകെ, എഐഡിഎംകെ, ബിജെപി തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന സഖ്യത്തെ പുനര്‍നിര്‍വചിക്കാമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. നടന്റെ രാഷ്ട്രീയ പ്രവേശനത്തെ വിമര്‍ശിക്കാന്‍ ഡിഎംകെ ഇതിനകം തയാറായിട്ടുണ്ടെങ്കിലും അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സഹായി ശശികലയുടെ മടങ്ങിവരവോട് തമിഴ്‌നാട്ടിലെ രാഷ്ട്രീയക്കളിക്കളത്തില്‍ വലിയ ട്വിസ്റ്റ് ഉണ്ടാകുമെന്നാണ് ഒരു വിഭാഗം കരുതുന്നത്. വേറൊരു താരമായ കമല്‍ ഹാസനും തിരഞ്ഞെടുപ്പില്‍ സജീവമാകാന്‍ തീരുമാനിച്ചു കഴിഞ്ഞു.