സൂഫിയെ പോലെ അരങ്ങൊഴിഞ്ഞു ഷാനവാസും

സിനിമാ പ്രേമികളുടെ പ്രാര്‍ഥനകള്‍ വിഫലമായി. തന്റെ അവസാന സിനിമയിലെ നായകനെ പോലെ സംവിധായകനും അരങ്ങൊഴിഞ്ഞു. പറഞ്ഞു വെക്കാന്‍ നൂറുകണക്കിന് കഥകള്‍ ബാക്കിയാക്കി  സംവിധായകന്‍ നാരണിപ്പുഴ ഷാനവാസ് യാത്രയായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷാനവാസിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായിരുന്നു. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 10:20നായിരുന്നു ഷാനവാസ് അന്തരിച്ചത്.

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെയാണ് ഷാനവാസ് ശ്രദ്ധേയനാവുന്നത്. പുതിയ ചിത്രത്തിന്റെ തയാറെടുപ്പുകള്‍ക്കിടെയായിരുന്നു അപ്രതീക്ഷിതമായി എത്തിയ മരണം കലാകാരനെ കൂട്ടിക്കൊണ്ടു പോയത്. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായിരുന്നു സൂഫിയും സുജാതയും.

എഡിറ്ററായാണ് സിനിമാലോകത്ത് ഷാനവാസ് സജീവമായത്. കരിയാണ് ആദ്യ ചിത്രം. ജാതീയത ചര്‍ച്ചയായ കരി നിരൂപകര്‍ക്കിടയിലും ഏറെ ചര്‍ച്ചയായിരുന്നു. സംവിധായകന്‍, തിരക്കഥാകൃത്ത്, എഡിറ്റര്‍ എന്നീ നിലകളിലും കഴിവ് തെളിയിച്ച ഷാനവാസ് മലപ്പുറം ജില്ലയിലെ പൊന്നാനിയിലെ നരണിപ്പുഴയ സ്വദേശിയാണ്. രാവിലെ മുതൽക്ക് തന്നെ ഷാനവാസ് അന്തരിച്ചു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു.ചില ഓൺലൈൻ മാധ്യമങ്ങളും മരണം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ കുടുംബം അത് നിഷേധിച്ചു രംഗത് വരികയായിരുന്നു. എന്നാൽ വൈകുന്നേരത്തോടെ നില കൂടുതൽ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.