നടന്‍ അനില്‍ നെടുമങ്ങാടിന്റെ അവസാന നിമിഷങ്ങള്‍ പുറത്ത്
അനില്‍ നെടുമങ്ങാടിന്റെ അവസാന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍ എം ബാദുഷ. അനില്‍ കുളിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് എടുത്തതാണ് ഈ ചിത്രങ്ങളെന്ന് ബാദുഷ കുറിക്കുന്നു. ജോജു ജോര്‍ജ് നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്. ഷൂട്ടിങ് ഇടവേളയില്‍ അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം ജലാശയത്തില്‍ കുളിക്കാനിറങ്ങുകയായിരുന്നു. വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. മലങ്കര ടൂറിസ്റ്റ് ഹബിലാണ് അപകടം നടന്നത് എന്നാണ് സൂചന. മലങ്കര ഡാമില്‍ പലയിടത്തും ആഴത്തിലുള്ള കുഴികളുണ്ട്.
അപകട വിവരം സുഹൃത്തുക്കള്‍ സമീപവാസികളെ അറിയിക്കുകയും പ്രദേശവാസിയായ യുവാവ് മിനിട്ടുകള്‍ക്കകം അനിലിനെ കരയ്ക്കെത്തിക്കുകയും ചെയ്തു. ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ അനിലിന് ജീവനുണ്ടായിരുന്നു. ഡാം സൈറ്റില്‍ നിന്നും അനിലിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇതിനിടെ മരണം സംഭവിച്ചിരുന്നു. മരിച്ച നിലയിലാണ് അനിലിനെ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് ഡോകടര്‍മാരും പറയുന്നത്.