ചലച്ചിത്ര അക്കാദമിയില്‍ ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണം ; സംവിധായകന് കമലിന്റെ കത്തിനെതിരെ വ്യാപക പ്രതിഷേധം
കേരള ചലച്ചിത്ര അക്കാദമിയില്‍ 4 വര്‍ഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ടു സംവിധായകന് കമല്‍ സര്‍ക്കാരിന് എഴുതിയ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പുറത്ത് വിട്ടു.ഫെസ്റ്റിവല്‍ ഡപ്യൂട്ടി ഡയറക്ടര്‍ എച്ച് ഷാജി, ഫെസ്റ്റിവല്‍ പ്രോഗ്രാം മാനേജര്‍ റിജോയ് കെ ജെ, പ്രോഗ്രാംസ് ഡപ്യൂട്ടി ഡയറക്ട എന്‍ പി സജീഷ്, പ്രോഗ്രാം മാനേജര്‍ വിമല്‍കുമാര്‍ വി പി എന്നിവരെ സ്ഥിരപ്പെടുത്തണമെന്നാണ് കമലിന്റെ ആവശ്യം. നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 4 പേരെയും സ്ഥിരപ്പെടുത്തുന്നത് അക്കാദമിക്കും ഇടതുപക്ഷ സര്‍ക്കാരിനും ചലച്ചിത്രമേഖലയ്ക്കും ഗുണകരമായിരിക്കുമെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കൊണ്ട് അക്കാദമിക്ക് സാമ്പത്തിക ബാധ്യത വരില്ല. സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് നാലുപേരെയും തെരഞ്ഞെടുത്തിരിക്കുന്നത്. അക്കാദമിയുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍ ഈ 4 ജീവനക്കാരുടെ വലിയ സംഭാവനകളുണ്ട്. ഇടതുപക്ഷ അനുഭാവികളായ ഇവരെ സ്ഥിരപ്പെടുത്തുന്നത് ചലചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായിക്കുമെന്നും സാംസ്കാരിക മന്ത്രി എ.കെ. ബാലന് നല്കിയ കത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം കത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ചലച്ചിത്ര അക്കാദമി ഇടുതുപക്ഷ പ്രവര്‍ത്തകരെ അനധികൃതമായി നിയമിക്കാന്‍ കൂട്ടു നില്‍ക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നു.ചലച്ചിത്ര അക്കാദമിയെന്താ എ.കെ.ജി സെന്ററിന്റെ പോഷക സംഘടനയാണോ. ഒരു പ്രശസ്തനായ സംവിധായകനാണ് നിയമത്തെയും ചട്ടത്തെയും കാറ്റില്പറത്തികൊണ്ട് ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതുന്നത്,’ ചെന്നിത്തല പറഞ്ഞു.
കൂടാതെ കമലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശബരീനാഥന് എം.എല്‍.എയും രംഗത് വന്നു. ചലചിത്ര അക്കാദമയിലേക്ക് സ്ഥിരനിയമനത്തിനായി നല്കിയ ശുപാര്‍ശയില്‍ അഞ്ചാമത്തെ പോയ്ന്റായി കമല്‍ നല്‍കിയത് ചൂണ്ടികാണിച്ചാണ് വിമര്‍ശനം. ‘ഇടതുപക്ഷാനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്കാരിക പ്രവര്‍ത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളില്‍ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായകമായിരിക്കും’ എന്നാണ് ശുപാര്‍ശയിലുള്ളത്.