ഇനി കുപ്പി വാങ്ങാന്‍ ആപ്പ് വേണ്ട ; ബെവ്ക്യൂ ആപ്പ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം
മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത ബെവ് ക്യൂ ആപ്പില്‍ ബുക്ക് ചെയ്യാതെ തന്നെ ഇനി മുതല്‍ മദ്യം വാങ്ങാം. മദ്യം വാങ്ങാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ നടപ്പാക്കിയ ബെവ്ക്യൂ ആപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ബാറുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ബെവ്ക്യൂ ആപ്പിന്റെ പ്രസക്തി നഷ്ടമായെന്ന് നേരത്തെ തന്നെ എക്സൈസ് വകുപ്പ് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ആപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.
കോവിഡ് പശ്ചാത്തലത്തില്‍ 2020 മേയ് 28 നായിരുന്നു ആപ്പ് നിലവില്‍ വന്നത്. സംസ്ഥാനത്ത് നേരത്തെ ബാറുകള്‍ തുറന്നിരുന്നു. ഇതേതുടര്‍ന്ന് ബെവ്ക്യു ആപ്പും ഒഴിവാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ആപ്പിന്റെ കാര്യക്ഷമതയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും സര്‍ക്കാക്കാര്‍ ബെവ്ക്യു ആപ്പുമായി മുന്നോട്ടുപോവുകയായിരുന്നു. തുടര്‍ന്ന് ആപ്പിലൂടെ ബാറുകള്‍ക്കാണ് ടോക്കണുകള്‍ നല്‍കുന്നതെന്ന് ബീവറേജസ് കോര്‍പ്പറേഷന്‍ ആരോപണം ഉന്നയിച്ചു. എന്നാല്‍ ആപ്പ് പിന്‍വലിക്കാന്‍ അന്നും സര്‍ക്കാര്‍ തയ്യാറായില്ല. ആപ്പ് നിലവില്‍ വന്ന ശേഷം കോടികളുടെ നഷ്ടമാണ് ബെവ്‌കോയ്ക്ക് ഉണ്ടായത്. അതേസമയം ബാറുകളില്‍ കച്ചവടം പൊടിപൊടിക്കുകയും ചെയ്തിരുന്നു.