പ്രമുഖ ചലച്ചിത്ര താരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു

പ്രമുഖ ചലച്ചിത്ര താരം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. 98 വയസായിരുന്നു.കണ്ണൂര്‍ പയ്യന്നൂര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കൊവിഡാനന്തര ചികിത്സയിലായിരുന്നു. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വേര്‍പാട് കലാലോകത്തിന് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനും മരണത്തില്‍ അനുശോചനം അറിയിച്ചു.

ആഴ്ചകള്‍ക്കു മുന്‍പ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. ആ സമയത്ത് കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ന്യുമോണിയ ഭേദമായതിനെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് രണ്ടു ദിവസത്തിനുശേഷം വീണ്ടും പനി ബാധിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

അപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. രണ്ടു ദിവസം ഐ.സി.യുവില്‍ കഴിയേണ്ടിവന്നെങ്കിലും വൈകാതെ ആരോഗ്യം വീണ്ടെടുത്തു. ആശുപത്രിയിലായിരുന്നപ്പോള്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ വിവരങ്ങള്‍ ഫോണിലൂടെ അന്വേഷിച്ചിരുന്നു. കോവിഡ് കാലമായതിനാല്‍ കോറോത്തെ തറവാട്ടില്‍ തന്നെയായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കഴിഞ്ഞിരുന്നത്.

1922 ഒക്ടോബര്‍ 25 ന് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ കോറം പുല്ലേരി വാദ്ധ്യാരില്ലത്ത് നാരായണ വാദ്ധ്യാരുടെയും ദേവകി അന്തര്‍ജനത്തിന്റെയും മകനായി ജനിച്ചു. പഠിച്ചത് പയ്യന്നൂര്‍ ബോയ്സ് ഹൈസ്‌കൂളിലാണ്. 76ാം വയസിലായിരുന്നു സിനിമയില്‍ അഭിനയം തുടങ്ങിയത്. പിന്നീട് നിരവധി സിനിമകളിലൂടെ മുത്തച്ഛന്‍ വേഷങ്ങളില്‍ തിളങ്ങി. ഗാനരചയിതാവായ കൈതപ്രത്തിന്റെ ഭാര്യാപിതാവാണ്.ദേശാടനം, കല്യാണരാമന്‍, കൈക്കുടന്ന നിലാവ്, രാപ്പകല്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. തമിഴിലെ പ്രശസ്ത താരങ്ങളായ രജനികാന്തിന്റെയും കമല്‍ ഹാസന്റെയും കൂടെ അഭിനയിച്ചിട്ടുണ്ട്.

കമ്യൂണിസ്റ്റ് സഹയാത്രികനായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വീട്ടിലാണ് പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എകെജി ഒളിവില്‍ കഴിഞ്ഞത് എകെജി അയച്ച കത്തുകള്‍ നിധി പോലെ അദ്ദേഹം കാത്തുവച്ചിരുന്നു. പരേതയായ ലീല അന്തര്‍ജനമാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ഭാര്യ. ദേവി, ഭവദാസ്, യമുന, കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ മക്കളാണ്.