ചെങ്കോട്ടയിലേക്ക് ട്രാക്ടറോടിച്ച് കര്‍ഷകര്‍ ; ട്രാക്ടര്‍ റാലി അക്രമാസക്തം

കര്‍ഷക മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. ചെങ്കോട്ടയില്‍ കയറിയ കര്‍ഷകരെ തടയാന്‍ പൊലീസിന് കഴിഞ്ഞില്ല. ചെങ്കോട്ടയിലേക്ക് ട്രാക്ടറോടിച്ച് എത്തിയ കര്‍ഷകര്‍ പതാക സ്ഥാപിച്ചു. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും കര്‍ഷകരെത്തി. അതേസമയം, നഗരഹൃദയമായ ഐടിഒയില്‍ സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. റാലിക്കിടെ ഡല്‍ഹി എന്‍സിആര്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. സിങ്കു, ഗാസിപൂര്‍, തിക്രി, മുകര്‍ബ ചൌക് തുടങ്ങിയ സ്ഥലങ്ങളിലും ഇന്റര്‍നെറ്റ് നിരോധിച്ചെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഘര്‍ഷമുണ്ടായ സ്ഥലങ്ങളിലെ നെറ്റാണ് വിച്ഛേദിച്ചത്.

ഡല്‍ഹിയില്‍ പലയിടങ്ങളിലും ഗതാഗതം നിരോധിച്ചു. ദേശീയപാത 44, 24, ജിടികെ റോഡ്, ഔട്ടര്‍ റിങ് റോഡ്, ജി ടി റോഡ് അടക്കമുള്ള റോഡുകള്‍ അടച്ചു. മെട്രോയുടെ പല സ്റ്റേഷനുകളും അടച്ചു. സെന്‍ട്രല്‍, വടക്കന്‍ ഡല്‍ഹിയിലെ പത്തോളം സ്റ്റേഷനുകളാണ് അടച്ചത്. അതേസമയം കൂടുതല്‍ കര്‍ഷകര്‍ ചെങ്കോട്ട ലക്ഷ്യമാക്കി നീങ്ങുകയാണ്. നേരത്തെ ട്രാക്ടറുകളുമായെത്തിയ കര്‍ഷകര്‍ ചെങ്കോട്ടയില്‍ സമര പതാക വീശി. ചെങ്കോട്ടയിലെ മിനാരത്തിന് മുകളിലും കര്‍ഷകര്‍ പതാക ഉയര്‍ത്തി. ചെങ്കോട്ടയില്‍ നിന്നും പൊലീസ് കര്‍ഷകരെ ഒഴിപ്പിക്കുകയാണ്. പൊലീസ് കര്‍ഷകര്‍ക്ക് നേരെ ലാത്തി വീശി.

പലയിടത്തും മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ പൊലീസും കര്‍ഷകരും നേര്‍ക്കുനേര്‍ നിലയുറപ്പിച്ചു. സീമാപുരിയില്‍ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീര്‍വാതകം പ്രയോഗിച്ചു. മാര്‍ച്ച് നഗരത്തിലേക്ക് കടക്കുന്നത് തടയാന്‍ സുരക്ഷയൊരുക്കിയെങ്കിലും കര്‍ഷകര്‍ അവ മറികടന്നു ഡല്‍ഹി നഗരത്തിലേക്ക് പ്രവേശിച്ചു. ബാരിക്കേഡ് മറികടക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചത് ദില്‍ഷാദ് ഗാര്‍ഡനില്‍ വന്‍ സംഘര്‍ഷത്തിനിടയാക്കി. മാര്‍ച്ചിന് നേരെ പൊലീസ് നടപടി ആരംഭിച്ചതോടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ട്രാക്ടറുകളുടെ ടയറിന്റെ കാറ്റ് പൊലീസ് അഴിച്ചുവിട്ടതോടെ ട്രാക്ടറുകള്‍ ഉപേക്ഷിച്ച് കര്‍ഷകര്‍ പിന്‍വാങ്ങി.