പീഡനക്കേസില്‍ നിന്ന് പ്രതിയെ കുറ്റവിമുക്തനാക്കി ബോംബേ ഹൈക്കോടതി

ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ കത്തി നില്‍ക്കുന്ന പീഡനക്കേസില്‍ പ്രതിയെ കുറ്റ വിമുക്തനാക്കി ബോംബേ ഹൈക്കോടതി. നാഗ്പൂര്‍ ബഞ്ച് ജഡ്ജി പുഷ്പ ഗനേഡിവാലയാണ് പ്രതിയെ കുറ്റ വിമുക്തന്‍ ആക്കിയത്. ഇത് മൂന്നാം തവണയാണ് പീഡനത്തില്‍ ഇരയ്ക്ക് നീതി നിഷേധിക്കുന്ന സമീപനം ജഡ്ജിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. 2013, ജൂലൈ 26 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിക്ക് 15 വയസുള്ളപ്പോഴാണ് അയല്‍വാസിയായ സൂരജ് കസര്‍കാര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കുന്നതും കേസ് കോടതിയില്‍ എത്തുന്നതും.

ഇരുവരും പരസ്പര സമ്മതത്തോടെയാണ് ബന്ധത്തിലേര്‍പ്പെട്ടതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ആ സമയത്ത് ഇരയുടെ വയസ് 18ന് മുകളിലായിരുന്നുവെന്നും പ്രതിഭാഗം വാദിക്കുന്നു. ഈ വാദം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ജഡ്ജിയുടെ വിധി. അതുപോലെ കുട്ടിയുടെ പ്രായം തെളിയിക്കുന്ന തരത്തിലുള്ള തെളിവുകള്‍ നല്‍കാന്‍ വാദി ഭാഗത്തിന് കഴിഞ്ഞതുമില്ല. ഒരു വ്യക്തിക്ക് ഒറ്റയ്ക്ക് ബലപ്രയോഗം നടത്താതെ ഇരയുടെ വസ്ത്രം നീക്കുവാനോ, വായില്‍ തുണി തിരുകി നിശബ്ധയാക്കുവാനോ സാധിക്കില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രോസിക്യൂഷന്റെ വാദങ്ങളെ സാധൂകരിക്കാന്‍ മെഡിക്കല്‍ തെളിവുകളുമില്ലെന്ന് ജസ്‌റഅറിസ് പുഷ്പ പറഞ്ഞു.

മുന്‍പ് രണ്ട് തവണയും ഇരയ്ക്ക് നീതി നിഷേധിക്കുന് ബോംബെ ഹൈക്കോടതി വിധി വിവാദമായിരുന്നു. തൊലി തമ്മില്‍ ചേരാതെ വസ്ത്രത്തിന് പുറത്തൂടെ മാറിടത്തില്‍ തൊട്ടത് പോക്‌സോ പ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാന്‍ കഴിയില്ലെന്നായിരുന്നു ജസ്റ്റിസ് പുഷ്പ പറഞ്ഞത്. ഇതിന് ദിവസങ്ങള്‍ക്കകം പുറപ്പെടുവിച്ച വിധിയില്‍ പെണ്‍കുട്ടിയുടെ കൈയില്‍ പിടിക്കുന്നതും, പാന്റിന്റെ സിപ് അഴിക്കുന്നതും ലൈംഗിക അതിക്രമമല്ലെന്നായിരുന്നു നിരീക്ഷണം. ഇതിനെതിരെ വ്യാപകമായ രീതിയില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.