വാഴക്കാലയില്‍ കന്യാസ്ത്രീയുടെ മരണം ; പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി
കൊച്ചി വാഴക്കാലയില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. സിസ്റ്റര്‍ ജസീനയുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ മുങ്ങിമരണത്തിന്റെ സൂചനകള്‍ ആണ് പുറത്തു വന്നത്. ശരീരത്തില്‍ പരിക്കുകളോ, ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ ഇല്ലെന്നാണ് വിവരം. ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു. ഇതിന് ശേഷം മരണകാരണത്തില്‍ നിഗമനത്തിലെത്താമെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.
കൊച്ചി ഡിസിപി ഐശ്വര്യ ഡോഗ്റെയുടെ നേതൃത്വത്തില്‍ സെന്റ് തോമസ് കോണ്‍വെന്റില്‍ പരിശോധന നടത്തി. ഞായറാഴ്ച വൈകിട്ടോടെയാണ് കോണ്‍വെന്റിന് സമീപത്തെ പാറമടയിലെ കുളത്തില്‍ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയോടെ കാണാതായ കന്യാസ്ത്രീയെ പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. അതേസമയം കാണാതായി അരമണിക്കൂറിനുള്ളില്‍ തന്നെ മൃതദേഹം പൊങ്ങിയതില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.