രാജ്യാന്തര ചലച്ചിത്ര മേള കൊച്ചി പതിപ്പിന് തിരശീല വീണു ; തിരുവനന്തപുരത്തെ ആവേശം കൊച്ചിയില്‍ ഇല്ല എന്ന് iffk പ്രേമികള്‍

മൂക്കന്‍

25 മത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിന് സമാപനം. നാളെ മുതല്‍ തലശേരിയില്‍ ആണ് മേള തുടരുന്നത്. കഴിഞ്ഞ അഞ്ചു ദിവസമായി കൊച്ചിയില്‍ ആണ് മേള നടന്നു വന്നിരുന്നത്. കോവിഡ് പ്രോട്ടോകോള്‍ ഉള്ളത് കാരണം നാലിടങ്ങളില്‍ ആയിട്ടാണ് ഇത്തവണ മേള നടക്കുന്നത്. തുടങ്ങിയ കാലം മുതല്‍ക്ക് തിരുവനന്തപുരം ആയിരുന്നു മേളയുടെ പ്രധാന വേദി. ലോകോത്തരങ്ങള്‍ ആയ സിനിമകള്‍ ആണ് ഇത്തവണയും മേളയുടെ പ്രധാന ആകര്‍ഷണം. കോവിഡ് ആണെങ്കിലും മേളയുടെ തിരുവനന്തപുരം പതിപ്പ് വിജയം തന്നെയായിരുന്നു. എന്നാല്‍ ഏറെ കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ കൊച്ചി പതിപ്പ് നിരാശയാണ് നല്‍കിയത് എന്ന് സിനിമാ പ്രേമികള്‍ പറയുന്നു.

ആദ്യമായിട്ടാണ് മേള കൊച്ചിയില്‍ എത്തുന്നത്. മേളയെ കൊച്ചിയില്‍ എത്തിക്കാന്‍ ചലച്ചിത്ര അക്കാദമി തലത്തില്‍ വന്‍ കരുനീക്കങ്ങളും കഴിഞ്ഞ കുറച്ചു കാലമായി നടന്നു വന്നിരുന്നു. ഇതിനെതിരെ പല പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത് വന്നു എങ്കിലും സര്‍ക്കാര്‍ പിന്തുണയോടെ മേളയെ ഇത്തവണ വെട്ടി മുറിക്കുകയായിരുന്നു. കൊച്ചിയിലെ മേള എങ്ങനെയും വിജയമാക്കാന്‍ കഠിന പ്രയത്‌നം ആണ് അക്കാദമി നടത്തിയത്. എന്നാല്‍ എല്ലാം വെറുതെയായി എന്നാണ് മേളയില്‍ പങ്കെടുത്തവരുടെ അനുഭവം പറയുന്നത്. മേള കളര്‍ ഫുള്‍ ആക്കുവാന്‍ കൊച്ചിയിലുള്ള സിനിമാക്കാരെ രംഗത് ഇറക്കി നടത്തിയ പരസ്യ പ്രചരണം ഏറെ പഴികള്‍ ഏറ്റു വാങ്ങിയിരുന്നു. അതുപോലെ സലിം കുമാര്‍ വിവാദവും മേളയുടെ ഭംഗി കെടുത്തുകയായിരുന്നു. മലയാള സിനിമയില്‍ അടുത്തകാലത്തായി ഉയര്‍ന്നു വന്ന കൊച്ചി ലോബിയാണ് കൊച്ചിയില്‍ മേള നിയന്ത്രിക്കുന്നത് എന്ന ആരോപണവും ഉയര്‍ന്നിരുന്നു.

മേള വിജയമായാല്‍ അടുത്ത വര്‍ഷവും മേള കൊച്ചിയില്‍ തന്നെ നടക്കും എന്ന കൊച്ചി മേയര്‍ അടക്കമുള്ളവരുടെ ആത്മവിശ്വാസം ആണ് കൊച്ചി പതിപ്പ് കഴിയുമ്പോള്‍ തകര്‍ന്നതായി കാണുവാന്‍ സാധിക്കുന്നത്. മേളയുടെ ആദ്യ ദിനങ്ങളില്‍ ഉണ്ടായിരുന്ന ജന പിന്തുണ ബാക്കിയുള്ള ദിവസങ്ങളില്‍ കാണാന്‍ ഇല്ലായിരുന്നു. അതുപോലെ തിയറ്ററുകള്‍ തമ്മിലുള്ള ദൂരം സിനിമ കാണുന്നതിന് തടസമായി എന്ന് ഡെലിഗേറ്റുകള്‍ പരാതിയും പറയുന്നു. കൊച്ചിയിലെ തിരക്കില്‍ ഒരു തിയറ്ററില്‍ നിന്നും അടുത്തതില്‍ എത്തുവാന്‍ ഏറെ സമയം എടുത്തത് കാരണം പല സിനിമകളും പകുതി മുതലാണ് കാണുവാന്‍ കഴിഞ്ഞത് എന്ന ആരോപണവും ശക്തമാണ്. മേളയുടെ സംഘാടനവും പരാജയമാകുകയിരുന്നു എന്നും ആരോപണം ഉണ്ട്. ഉത്ഘാടനം കഴിഞ്ഞു പ്രമുഖ സിനിമാക്കാര്‍ ആരും തന്നെ മേളയുടെ വേദികളില്‍ എത്തിയിരുന്നില്ല. അതുപോലെ പാസ് എടുത്ത ശേഷം മേളയ്ക്ക് പോകാന്‍ തയ്യാറാകാത്തവരും ഏറെയാണ്. തിരുവനന്തപുരമാണ് മേള നടത്തുവാന്‍ ഏറ്റവും അനുയോജ്യം എന്ന് അടിവര ഇടുന്നതാണ് കൊച്ചിയിലെ മേളയുടെ പ്രകടനം. അടുത്ത് തലശേരിയില്‍ ആണ് മേള അത് കഴിഞ്ഞു പാലക്കാട് വെച്ചാണ് സമാപനം.