കേരളത്തില്‍ ഏപ്രില്‍ ആറിന് നിയമസഭാ തെരഞ്ഞെടുപ്പ്
കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് . മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു . ഒറ്റഘട്ടമായിട്ടാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ്. അസമില്‍ മാര്‍ച്ച് 27, ഏപ്രില്‍ ഒന്ന്, ആറ് തീയതികളിലായി മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്. ബംഗാളില്‍ എട്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക (മാര്‍ച്ച് 27, ഏപ്രില്‍ 1,6,10,17,22,26,29).
മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും ഏപ്രില്‍ ആറിന് നടക്കും. മാര്‍ച്ച് 19 വരെ നാമനിര്‍ദേശപത്രിക നല്‍കാം. കേരളത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 12 നാണു. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22 . സൂക്ഷ്മ പരിശോധന മാര്‍ച്ച് 20 ന് നടക്കും. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി തെരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. കോവിഡ് കണക്കിലെടുത്ത് കൂടുതല്‍ പോളിങ് ബൂത്തുകളുണ്ടാകും. കേരളത്തില്‍ ഇത്തവണ 40771 പോളിങ് ബൂത്തുകളാണുള്ളത്. വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ വരെ നീട്ടാമെന്ന് അദ്ദേഹം പറഞ്ഞു. വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ചു പേര്‍ക്ക് മാത്രമാണ് അനുമതി.
കമ്മീഷന്റെ സമ്പൂര്‍ണ യോഗം വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമീഷന്‍ ആസ്ഥാനത്ത് ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് വാര്‍ത്താസമ്മേളനം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഞ്ചു സംസ്ഥാനങ്ങളിലുമെത്തി ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍, അസം എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭയുടെ കാലാവധി മെയ് മാസത്തോടെ തീരുന്നത്. പശ്ചിമ ബംഗാളില്‍ കഴിഞ്ഞ തവണ ഏഴ് തവണയായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്.
റമദാനും വിഷുവും പരിഗണിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ പകുതിക്ക് മുന്‍പ് നടത്തണമെന്നാണ് ഇടത് മുന്നണി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ആവശ്യപ്പെട്ടത്. കൊട്ടിക്കലാശം പൂര്‍ണമായും ഒഴിവാക്കരുത്. പോസ്റ്റല്‍ വോട്ട് ലിസ്റ്റ് സ്ഥാനാര്‍ഥികള്‍ക്ക് കൂടി ലഭ്യമാക്കണം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ തുക ചുമത്തുന്നത് ഒഴിവാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ 8നും 12നുമിടയില്‍ തെരഞ്ഞെടുപ്പ് വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. പോളിങ് സമയം ദീര്‍ഘിപ്പിക്കരുതെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് മേയ് മാസത്തില്‍ മതിയെന്നായിരുന്നു ബി.ജെ.പിയുടെ നിലപാട്.
കേരളത്തില്‍ 40771 പോളിംഗ് ബൂത്തുകള്‍ സജ്ജീകരിക്കും. പോളിംഗ് ബൂത്തുകളുടെ എണ്ണം 89.65 ശതമാനമായാണ് സംസ്ഥാനത്ത് വര്‍ധിപ്പിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യത്തിലാണ് ബൂത്തുകളുടെ എണ്ണം കൂട്ടിയത്. കോവിഡ് പരിഗണിച്ച് ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് ഒരുക്കള്‍ നടത്തുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. പോളിങ് സമയം ഒരുമണിക്കൂര്‍ നീട്ടി. മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗപരിമിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം തുടരും. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചുപേര്‍ മാത്രം. വാഹന റാലിക്ക് അഞ്ചു വാഹനങ്ങള്‍ മാത്രം. പത്രിക സമര്‍പ്പണത്തിന് രണ്ടുപേര്‍. ഓണ്‍ലൈനായും പത്രിക നല്‍കാം. എല്ലാ ബൂത്തുകളും കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരിക്കും. കേരളത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകനായി ദീപക് മിശ്രയെ ഐ.പി.എസിനെ നിയോഗിച്ചു.