കൊറോണയുടെ ; രോഗികള്‍ക്ക് ന്യുമോണിയയും ശ്വാസകോശത്തില്‍ വെളുത്ത പാടുകളും
മുംബൈ നഗരത്തില്‍ കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചതോടെ പുതിയ രോഗലക്ഷണങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് വിവരം നല്‍കി ഡോക്ടര്‍മാര്‍. കോവിഡ് രോഗികളില്‍ കൂടുതല്‍ പേരും ന്യുമോണിയയുമായാണ് ആശുപത്രിയില്‍ എത്തുന്നത്. ഇവരുടെ എക്‌സ്-റേകള്‍ പരിശോധിക്കുമ്പോള്‍ ശ്വാസകോശത്തില്‍ വെളുത്ത പാടുകള്‍ കാണുന്നതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശ്വാസകോശത്തിലെ വെളുത്ത പാടുകളുടെ പ്രധാന കാരണം ചികിത്സയുടെ കാലതാമസമാണെന്നും ഇവര്‍ പറയുന്നു. വൈറസുകളില്‍ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നും രോഗികളുടെ റിപ്പോര്‍ട്ടുകളിലെ പുതിയ ലക്ഷണങ്ങളുടെ കാരണമിതാണെന്നുമാണ് മറ്റ് ചിലരുടെ അഭിപ്രായമെന്നും ഫ്രീപ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
മഹാമാരി ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്ന അവയവം ശ്വാസകോശമാണ്. എന്നാല്‍ കൊറോണ വൈറസ് ശ്വാസകോശ തകരാറിനും പിന്നീട് ചില കേസുകളില്‍ മാത്രം മരണത്തിനും കാരണമാകുന്നതായും ചില റിപ്പോര്‍ട്ടുകളുണ്ട്. കൊവിഡ് -19 ബാധിച്ച ശ്വാസകോശത്തെ മിക്ക ഡോക്ടര്‍മാരും ‘ഗ്രൗണ്ട് ഗ്ലാസ് രൂപം’ എന്നാണ് വിശേഷിപ്പിക്കുന്നത്. എച്ച് 1 എന്‍ 1 വൈറസിനെ അപേക്ഷിച്ച് കൊവിഡ് -19 ശ്വാസകോശത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് സിടി സ്‌കാനുകള്‍ കൂടുതല്‍ വ്യക്തത നല്‍കും.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊവിഡ് -19 രോഗികളുടെ എക്‌സ്-റേകളില്‍ അസാധാരണതകള്‍ കണ്ടെത്തിയതായി കോഹിനൂര്‍ ആശുപത്രിയിലെ ചെസ്റ്റ് ഫിസീഷ്യന്‍ ഡോ. രാജരതന്‍ സദവര്‍ട്ടെ പറഞ്ഞു. കൊറോണയുടെ ലക്ഷണങ്ങള്‍ കാണിക്കുന്ന രോഗികള്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ഉടന്‍ ഡോക്ടറെ സമീപിക്കണമെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷിതമായി തുടരാന്‍ ആളുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഡോക്ടര്‍ പറയുന്നു.
നേരത്തേ രോഗനിര്‍ണയം നടത്തിയില്ലെങ്കില്‍ ശ്വാസകോശത്തിന് സാരമായ കേടുപാടുകള്‍ സംഭവിക്കുമെന്നും രോഗികളെ രക്ഷിക്കുക എന്നത് ഡോക്ടര്‍മാര്‍ക്ക് വെല്ലുവിളിയായി തീരുമെന്നും അദ്ദേഹം പറഞ്ഞു. രോഗികളുടെ റിപ്പോര്‍ട്ടുകളില്‍ അസാധാരണത്വം കാണുന്നുണ്ടെന്നും നേരത്തെ കൊറോണ രോഗികള്‍ക്ക് 6 മുതല്‍ 7 ദിവസത്തിനുള്ളില്‍ ന്യുമോണിയ വരാമെങ്കില്‍ ഇപ്പോള്‍ രണ്ട് ദിവസത്തിനുള്ളില്‍ ന്യുമോണിയ പിടിപെടുന്നതായി പകര്‍ച്ചവ്യാധി വിദഗ്ധനും സംസ്ഥാനത്തെ കൊവിഡ് -19 ടാസ്‌ക് ഫോഴ്സ് അംഗവുമായ ഡോ. ഓം ശ്രീവാസ്തവയും പറയുന്നു.