കോടികണക്കിന് രൂപ തട്ടിയെടുത്ത് വ്യാജപുരോഹിതന്‍: കേസ് രജിസ്റ്റര്‍ ചെയ്യാതെ പോലീസ്; പ്രവാസികള്‍ ജാഗ്രത പാലിക്കുക

സ്വന്തം ഫോട്ടോയെന്ന നിലയില്‍ ലൂര്‍ദ് സ്വാമി വിശ്വാസികള്‍ക്ക് അയച്ചുകൊടുത്ത ചിത്രവും പണം കൈപ്പറ്റിയെന്നുള്ള രസീതും
വിയന്നയില്‍ നിന്നും കബളിക്കപ്പെട്ട വ്യക്തിയുടെ പരാതി ഇതിനോടകം ഡി.ജി.പി ഉള്‍പ്പെടയുള്ള അധികാരികള്‍ക്ക് കൈമാറിയെങ്കിലും, വ്യാജ പുരോഹിതനെതിരെ ഇതുവരെ നടപടികള്‍ ഉണ്ടായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. തിരഞ്ഞെടുപ്പും മറ്റും കോവിഡ് സാഹചര്യങ്ങളും മൂലം പ്രതിയെ കസ്റ്റഡിയില്‍ എടുക്കാനോ കൃത്യമായി ചോദ്യം ചെയ്യാനോ സാധിക്കില്ലെന്നാണ് പോലീസ് ഭാഷ്യം. തുടര്‍ അന്വേക്ഷണത്തിന്റെ സാധ്യതകളും പോലീസ് വെളിപ്പെടുത്തിയില്ല.
കേരളത്തില്‍ ഉള്ളവരും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും തട്ടിപ്പിനിരയായതായാണ് വിവരം. അതേസമയം സൂറിച്ച് ഉള്‍പ്പെടയുള്ള സത്യങ്ങളില്‍ ആയിരകണക്കിന് യൂറോ അയച്ചുകൊടുത്ത വിശ്വാസികള്‍ കബളിപ്പിക്കപ്പെട്ടതിന്റെ ജാള്യതയില്‍ പേരുവിവരങ്ങള്‍ വെളിപ്പെടുത്താനോ, ഇന്ത്യയിലെ നിയമതടസങ്ങളും പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് പരാതികൊടുക്കാനോ തയ്യാറായിട്ടില്ല. അതുകൊണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ അസൗകര്യമുണ്ടെന്നു പ്രാര്‍ത്ഥനകൂട്ടായ്മ നയിക്കുന്ന ഒരു വനിത മലയാളിവിഷനോട് പറഞ്ഞു. വൈദിക വേഷം ധരിച്ചു കോണ്‍വെന്റുകളില്‍ ചെല്ലാറുള്ള ലൂര്‍ദ് സ്വാമി പല ആവശ്യങ്ങളും തന്മയത്തത്തോടെ അവതരിപ്പിച്ച് കന്യാസ്ത്രികളില്‍ നിന്നും പണം തട്ടിയെടുത്തതായി വിവരമുണ്ട്.
ബെനഡിക്റ്റന്‍ സഭയിലെ ഫാ. ലൂര്‍ദ് സ്വാമിയാണ് താന്‍ എന്ന പേരിലാണ് ഇയാള്‍ സന്യാസിനികളെയും വിശ്വാസികളെയും സമീപിക്കുന്നത്. കോട്ടയം ജില്ലയിലെ ചിങ്ങവനം, വാകത്താനം പ്രദേശങ്ങളില്‍ ഇയാള്‍ താമസിച്ചുവരുന്നതായി വിവരമുണ്ട്. വാകത്താനം ഫെഡറല്‍ ബാങ്കിലെ, ബ്രദര്‍ രാജേഷിന്റെ അക്കൗണ്ടിലേക്കാണ് പണം അയപ്പിച്ചിരുന്നത്.
പണം നഷ്ടപ്പെട്ടവര്‍ കോട്ടയത്തുള്ള ഫെഡറല്‍ ബാങ്കിന്റെ ശാഖയുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ബ്രദര്‍ രാജേഷും ഫാ. ലൂര്‍ദ് സ്വാമിയും ഒന്നായിരിക്കാമെന്നാണ്. നിരവധിപേരില്‍ നിന്നും ഒരു കോടിയിലധികം രൂപ അക്കൗണ്ടില്‍ എത്തിയിരുന്നതായി ബാങ്ക് മാനേജര്‍ പൊലീസിന് മൊഴികൊടുത്തിട്ടുണ്ട്. ഒരു കോടിയിലധികം രൂപ കോവിഡ് കാലത്ത് മാത്രം ഇയാളുടെ അക്കൗണ്ടിലൂടെ കൈമാറിയിട്ടുണ്ടെന്നാണ് വിവരം. അക്കൗണ്ടിലെത്തുന്ന പണം ഉടന്‍ തന്നെ എ.ടി.എമ്മിലൂടെ പിന്‍വലിക്കുന്നെണ്ടെന്നും മാനേജര്‍ സ്ഥിരീകരിച്ചുട്ടണ്ട്.
താനുള്‍പ്പെടുന്ന ഉത്തരാഖണ്ഡിലെ ബെനഡിക്ടന്‍ ആശ്രമത്തില്‍ നിത്യആരാധനയിലാണ് കഴിയുന്നതെന്നും, ആരോടും കൂടുതല്‍ സംസാരിക്കാതെ മുഴുവന്‍ സമയവും ലോകത്തിനുവേണ്ടി പ്രാര്‍ത്ഥനയിലും, ധ്യാനത്തിലും കഴിയുകയാണെന്നും, ഇന്ത്യയിലെ പുതിയ സര്‍ക്കാര്‍ ഇവരുടെ ആശ്രമത്തിലേക്കുള്ള ബാങ്ക് ഇടപാടുകള്‍ മരവിപ്പിച്ചതിനാല്‍, അന്തേവാസികള്‍ എല്ലാരും പട്ടിണിയിലാണെന്നും, തനിക്കു ഗുരുതരമായ രോഗമുണ്ടെന്നും ബോധിപ്പിച്ചിച്ചാണ് പണം സംഘടിപ്പിച്ചിരുന്നത്. എല്ലാ അര്‍ത്ഥത്തിലും ആകര്‍ഷകമായി സംസാരിക്കുകയും കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നതുകൊണ്ട് ഫാ. ലൂര്‍ദ് സ്വാമി വ്യാജനാണെന്നു ആര്‍ക്കും തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.
ഗ്രിഗോറിയന്‍ കുര്‍ബാന, നിത്യാരാധനാ നടത്തിപ്പ്, അരുളിക്കയില്‍ സ്വര്‍ണ്ണം പൂശല്‍, ആശ്രമത്തിന്റെ അറ്റകുറ്റപണികള്‍, കാസയും പീലാസയും വാങ്ങിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായാണ് ഇയാള്‍ പണം അഭ്യര്‍ത്ഥിച്ചിരുന്നത്. യൂറോപ്പിലും അമേരിക്കയിലും ഉള്ള അനവധി ആളുകള്‍ ലൂര്‍ദ് സ്വാമിയ്ക്ക് പണം നല്കിയിട്ടുണ്ട്. ജീവിതപങ്കാളി പോലും അറിയാതെ കുടുംബവിശുദ്ധീകരണത്തിന് വ്യാജവൈദികനെ പണം ഏല്പിച്ച പ്രവാസി സ്ത്രീകളും പുറത്തുവരുന്ന കഥകള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ്.
വിശ്വാസികളുമായി നിരന്തരം സ്‌നേഹവാത്സല്യത്തോടെ സംസാരിച്ചിരുന്ന ഇയാള്‍ ദിവസത്തില്‍ ഏതാണ്ട് 18 മണിക്കൂറിലധികം ദിവ്യകാരുണ്യ ആരാധനയില്‍ മുഴുകിയിരിക്കുന്ന വ്യക്തിയാണെന്നും ധരിപ്പിച്ചിരുന്നു. പൂര്‍വ്വ തലമുറയുടെ പാപപരിഹാരാര്‍ത്ഥം നിശ്ചിത എണ്ണം ഗ്രിഗോറിയന്‍ കുര്‍ബ്ബാന അര്‍പ്പിക്കുകയെന്നതായിരുന്നു വ്യാജന്റെ ഹൈലൈറ്റ്. 41 ദിവസം മുടങ്ങാതെയുള്ള ഈ കുര്‍ബ്ബാനയ്ക്ക് ഇയാള്‍ 7000 രൂപയാണ് തട്ടിയെടുത്തിരുന്നത്. സാധാരണ ഒരു വ്യക്തിയുടെ പിതാവിന്റെ, മാതാവിന്റെ, ഭാര്യാപിതാവിന്റെ-മാതാവിന്റെ തലമുറ കണക്കാക്കി 4 ഗ്രിഗോറിയന്‍ കുര്‍ബ്ബാന നിര്‍ദേശിച്ചു 28000 രൂപ വരെ തട്ടിയെടുത്തിരുന്നു.
കുടുംബങ്ങളുടെ ആത്മ വിശുദ്ധീകരണത്തിനായുള്ള നിത്യാരാധനയ്ക്ക് ഒരു വര്‍ഷത്തേക്ക് 35000 രൂപയും ഇടയാക്കിയിരുന്നു. മക്കളുടെ വിവാഹം നടക്കുന്നതിനും, കുടുംബസമാധാനത്തിനും, സ്ഥലവില്പനയുടെ തടസ്സം മാറാനും, ജോലി ലഭിക്കാനും, വിസ കിട്ടുന്നതിനുമൊക്കെ പ്രാര്‍ത്ഥിക്കാനായിരുന്നു കുര്‍ബാനയും ആരാധനയുമൊക്കെ. ഒപ്പം ബ്രെയിന്‍ ടൂമര്‍ ഓപ്പറേഷനുവേണ്ടിയും, ക്യാന്‍സറിനുള്ള മരുന്നിന്റെ ചിലവിനായും പണം ആവശ്യപ്പെട്ടിരുന്നു.
എല്ലാത്തിനും ഉടനടി രസീതുകള്‍ നല്‍കിയിരുന്നു. നിലവിലില്ലാത്ത ബെനഡിക്ടന്‍ ആശ്രമത്തിന്റെ പേരില്‍ രസീതിന്റെ ഫോട്ടോ വാട്‌സപ്പില്‍ അയച്ചുകൊടുത്തിരുന്നത്. ചില കന്യാസ്ത്രികളും ഈ തട്ടിപ്പില്‍ അറിഞ്ഞോ അറിയാതെയോ ഉള്‍പ്പെട്ടതായാണ് വിവരം. വിദേശത്തുള്ള സുഹൃത്തുക്കളെ ലൂര്‍ദ് സ്വാമിയുമായി ബന്ധിപ്പിച്ചു പ്രാര്‍ത്ഥനാസഹായം ലഭ്യമാക്കിയിരുന്നു.
പക്വതായാര്‍ന്ന ധ്യാനഗുരുവിനെപ്പോലെ പെരുമാറിയിരുന്ന ലൂര്‍ദ് സ്വാമിയോട് വീഡിയോ കോണ്‍ഫറന്‍സില്‍ വരാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഒഴിഞ്ഞുമാറിയതു ചില വ്യക്തികളില്‍ സംശയം ഉണ്ടാക്കുകയും, കൂടുതല്‍ അന്വേക്ഷണം നടത്തുകയും ചെയ്തതിലൂടെയാണ് ഫാ. ലൂര്‍ദ് സ്വാമി വ്യാജനാണെന്നു വെളിപ്പെടുന്നത്. തുടര്‍ന്ന് വിയന്നയില്‍ താമസിക്കുന്ന പ്രവാസി മലയാളി പോലീസില്‍ പരാതി നല്‍കിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.
അനേകം പേരുടെ പ്രത്യേകിച്ച് പ്രവാസികളുടെ മനസ്സലിവ് ചൂഷണം ചെയ്ത് രാജേഷ് എന്ന ലൂര്‍ദ് സ്വാമി അച്ചന്‍ കോവിഡ് കാലം കോട്ടയത്ത് അറുമാദിക്കുകയാണ്. പോലീസ് ഉടനടി നടപടികള്‍ സ്വീകരിക്കും എന്ന വിശ്വാസത്തിലാണ് പരാതിക്കാര്‍. പ്രാവാസികളുടെ നന്മയും പണവും ചൂഷണംചെയ്തു ചാരിറ്റിയുടെ പേരില്‍ നടക്കുന്ന ഇത്തരം തട്ടിപ്പുകളില്‍ നിന്നും ജാഗ്രത പാലിക്കുക. വഞ്ചിക്കപ്പെട്ട വിശ്വാസികളുടെ എണ്ണം എത്ര വലുതാണെന്നുകൂടി മനസിലാക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങാതെ പ്രവാസികള്‍ സൂക്ഷിക്കുക.