ഫാന്‍സ് പേജില്‍ നിന്നും ജയരാജന്‍ പുറത്ത് ; പിജെ ആര്‍മി പേജില്‍ പി ജയരാജന്‍ മാറി പിണറായി വന്നു
പി ജയരാജനെ പൂര്‍ണ്ണമായി വെട്ടി നിരത്താന്‍ തന്നെയാണ് പിണറായിയുടെ തീരുമാനം. ഇലക്ഷന് സീറ്റ് നിഷേധിച്ചതിന് പിന്നാലെ പിജെ ആര്‍മി എന്ന ഫേസ് ബുക്ക് പേജിന്റെ പ്രൊഫൈലില്‍ നിന്ന് പി ജയരാജന്റെ ചിത്രം മാറ്റി. ഇപ്പോഴത്തെ പ്രൊഫൈല്‍ ഫോട്ടോയിലുള്ളത് പിണറായി വിജയനാണ്. ക്യാപ്റ്റന്‍ എന്ന അടിക്കുറിപ്പോടെയുള്ള ഫോട്ടോ ഇന്നാണ് അപ്‌ഡേറ്റ് ചെയ്തത്. തുടക്കം മുതല്‍ പി ജയരാജനെ കേന്ദ്രീകരിച്ചുള്ള പോസ്റ്റുകളും ചിത്രങ്ങളുമാണ് പിജെ ആര്‍മി എന്ന പേജില്‍ വരാറുണ്ടായിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ജയരാജന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഈ പേജില്‍ കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന വിമര്‍ശനം ഉന്നയിച്ച് കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ധീരജ് കുമാര്‍ പദവി രാജിവെക്കുകയുണ്ടായി. ധീരജിന്റെ നേതൃത്വത്തിലായിരുന്നു അമ്പാടിമുക്കില്‍ നിന്നും ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ എത്തിയത്. ബ്രാഞ്ച് കമ്മിറ്റി അംഗമായ ഇദ്ദേഹത്തെ ഇന്നലെ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പിന്നാലെ വിശദീകരണവുമായി പി ജയരാജന്‍ തന്നെ രംഗത്തെത്തി. പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലക്ക് ഏത് ചുമതല നല്‍കണം എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും അതിനെ സ്വാധീനിക്കാന്‍ ആരും ശ്രമിക്കേണ്ടതില്ലെന്നും ജയരാജന്‍ വ്യക്തമാക്കി. പിജെ ആര്‍മി എന്ന പേരില്‍ നവമാധ്യമങ്ങളില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങള്‍ക്ക് താനുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ ജയരാജന്‍, പ്രചരണം തുടരുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
ഞാന്‍ കൂടി പങ്കാളിത്തം വഹിച്ചുകൊണ്ടാണ് സ്ഥാനാര്‍ഥി പട്ടിക രൂപപ്പെടുത്തുന്നത്. അങ്ങനെ തീരുമാനിക്കപ്പെടുന്ന എല്‍.ഡി.എഫിന്റെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കാന്‍ എല്ലാവരും സജീവമായി രംഗത്തിറങ്ങണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടവരെ പരിഗണിക്കേണ്ടെന്ന തീരുമാനത്തിന്റ അടിസ്ഥാനത്തിലാണ് പി ജയരാജന് സീറ്റ് നിഷേധിച്ചതെന്നാണ് സിപിഎം സെക്രട്ടേറിയറ്റിന്റെ വാദം. രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ച് വിജയിച്ചവരെ വീണ്ടും പരിഗണിക്കേണ്ടെന്ന് തീരുമാനിച്ചതോടെ അഞ്ച് മന്ത്രിമാര്‍ക്കും സീറ്റില്ല. തോമസ് ഐസക്, ജി. സുധാകരന്‍, സി. രവീന്ദ്രനാഥ്, എ.കെ ബാലന്‍, ഇ.പി ജയരാജന്‍ എന്നീ മന്ത്രിമാരാണ് ഈ മാനദണ്ഡ പ്രകാരം സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംകിട്ടാതെ പോയത്. എന്നാല്‍ ഇത് അണികളില്‍ വന്‍ രോഷത്തിനു ഇടയാക്കിയിട്ടുണ്ട്.



