ബി.ജെ.പിയിലെ ആഭ്യന്തര കലഹം ; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രാജിവെച്ചു
ബി.ജെ.പിയിലെ ആഭ്യന്തര കലഹത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചു . അദ്ദേഹം ഇന്ന് വൈകീട്ട് ഗവര്‍ണര്‍ ബേബി റാണി മൗര്യയെ കണ്ട് രാജിക്കത്ത് കൈമാറി.ത്രിവേന്ദ്ര സിംഗ് റാവത്ത് ഇന്നലെ ഡല്‍ഹിയില്‍ ബി.ജെ.പി നേതാക്കളെ കണ്ടിരുന്നു. മുഖ്യമന്ത്രിയായുള്ള അദ്ദേഹത്തിന്റെ പ്രകടനം ശരാശരിയേക്കാളും താഴെ ആണെന്നാണ് പാര്‍ട്ടി എം.എല്‍.എ മാരുടെ തന്നെ അഭിപ്രായം. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന് ഇത് കാരണമാകുമെന്നും ഇവര്‍ ഭയക്കുന്നു.
ത്രിവേന്ദ്ര സിംഗ് റാവത്ത് ഇന്നലെ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ നിലവിലെ മന്ത്രിസഭയിലെ തന്നെ അംഗമായ ധന്‍ സിംഗ് റാവത്ത് എന്നിവരെയാണ് പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ധന്‍ സിംഗ് റാവത്ത് സ്വകാര്യ ഹെലികോപ്റ്ററില്‍ ഗര്‍വാളില്‍ നിന്നും തലസ്ഥാനമായ ഡെഹ്റാഡൂണിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശനിയാഴ്ച പാര്‍ട്ടി നിരീക്ഷകരായ രമണ്‍ സിങ്ങും ദുഷ്യന്ത് ഗൗതമും സംസ്ഥാനത്തെത്തിയതോടെയാണ് നേതൃമാറ്റത്തെ കുറിച്ച സൂചനകള്‍ ശക്തമായത്. ഇരുവരും ബി.ജെ.പി നേതാക്കളുമായും ആര്‍.എസ്.എസ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.