ശോഭാ സുരേന്ദ്രന്‍ മത്സര രംഗത്തുണ്ടാകും : കെ.സുരേന്ദ്രന്‍

തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന വനിതാ ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്‍ മത്സര രംഗത്തുണ്ടാകുമെന്ന് വ്യക്തമാക്കി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ശോഭയുമായി യാതൊരു തര്‍ക്കവുമില്ല തങ്ങള്‍ നല്ല സൗഹൃദത്തിലാണെന്നും ഈ വിഷയത്തില്‍ വരുന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റിധാരണ പരത്തുന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശോഭാ സുരേന്ദ്രന്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി നേരത്തെ തന്നെ ആവശ്യപ്പെട്ടതാണ്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാണ് അസൗകര്യമുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍ അറിയിച്ചിരുന്നു. ഡല്‍ഹിയിലേക്ക് പോകുന്നതിന് രണ്ടുദിവസം മുന്‍പ് താന്‍ നേരിട്ട് വിളിച്ച് ശോഭാ സുരേന്ദ്രനുമായി സംസാരിച്ചുവെന്നും കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ആണ് ശോഭാ സുരേന്ദ്രന് സീറ്റ് ഇല്ല എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നത്. താന്‍ മത്സരിക്കണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ശോഭാ സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശോഭാ സുരേന്ദ്രന്‍ ഇടം നേടിയിരുന്നില്ല. താന്‍ മത്സരിക്കണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരുന്നതായാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ശോഭാ സുരേന്ദ്രന്റെ പ്രതികരണം.