കുതിച്ചുയര്‍ന്ന് താഴോട്ടു വീണു പോളിംഗ് ; രേഖപ്പെടുത്തിയത് 73.58 ശതമാനം പോളിംഗ്
ആദ്യ മണിക്കൂറുകളിലെ ആവേശം നിലനിര്‍ത്താനാകാതെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിങ് അവസാനിച്ചു. ഏഴു മണിയോടെ 73.58 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2016ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ നാലു ശതമാനം വോട്ടിന്റെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. പത്തു മണിയോടെ വോട്ടിങ്ങിന്റെ അന്തിമ കണക്കുകള്‍ പുറത്തുവരും. ഇതിന് ശേഷം മാത്രമേ യഥാര്‍ത്ഥ ചിത്രം വ്യക്തമാകൂ. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് വോട്ടിങ് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം 65.11%, കൊല്ലം 73.07%, പത്തനംതിട്ട 67.10%, ആലപ്പുഴ 74.43%, കോട്ടയം 72.08%, ഇടുക്കി 69.79%, എറണാകുളം 74.00%, തൃശൂര്‍ 73.65%, പാലക്കാട് 76.11%, മലപ്പുറം 74.12%, കോഴിക്കോട് 78.26%, വയനാട് 74.42%, കണ്ണൂര്‍ 77.42%, കാസര്‍കോട് 74.80% എന്നിങ്ങനെയാണ് ജില്ലകളിലെ പോളിങ് ശതമാനം. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് ഏഴ് മണിയോടെ അവസാനിച്ചു.അവസാന മണിക്കൂര്‍ കൊവിഡ് രോഗികള്‍ക്ക് വേണ്ടിയായിരുന്നു. കൊവിഡ് ബാധിച്ച സ്ഥാനാര്‍ത്ഥികളും രോഗികളും അവസാന മണിക്കൂറില്‍ വോട്ട് രേഖപ്പെടുത്തി.
ഒറ്റപ്പെട്ട സംഘര്‍ഷങ്ങള്‍ ഒഴിച്ചാല്‍ സംസ്ഥാനത്ത് മികച്ച രീതിയിലാണ് പോളിംഗ് പുരോഗമിക്കുന്നത്. ശക്തമായ പോരാട്ടം നടക്കുന്ന കഴക്കൂട്ടത്ത് സിപിഐഎം-ബിജെപി സംഘര്‍ഷമുണ്ടായതാണ് എടുത്തു പറയേണ്ടത്. സിപിഐഎം, ബിജെപി ശക്തികേന്ദ്രമായ കാട്ടായിക്കോണത്താണ് സംഘര്‍ഷമുണ്ടായത്. ചിലയിടങ്ങളില്‍ കള്ളവോട്ട് പരാതി ഉയര്‍ന്നു. ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണ ജോര്‍ജിനെതിരെ കയ്യേറ്റ ശ്രമമുണ്ടായതും വാര്‍ത്തയായി. ചിലയിടങ്ങളില്‍ മഴ പെയ്തത് പോളിംഗിനെ ബാധിച്ചു.