വോട്ടിട്ട് സിനിമാ താരങ്ങളും ; ശ്രദ്ധേയനായി വിജയ്

വോട്ടിങ് അവകാശം വിനിയോഗിച്ചു സിനിമാ താരങ്ങളും. ചലച്ചിത്ര താരം മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി. ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി എത്തിയത്. തൃക്കാക്കര നിയോജകമണ്ഡലത്തിലെ പൊന്നുരുന്നിയിലൊ 63-ാം ബൂത്ത് നമ്പറിലാണ് ഇവര്‍ വോട്ട് രേഖപ്പെടുത്താനായി എത്തിയത്. കൊവിഡ് കാലമാണ് എല്ലാവരും സൂക്ഷിക്കണമെന്ന് മമ്മൂട്ടി വോട്ട് ചെയ്തതിന് ശേഷം പറഞ്ഞു. അതേസമയം ബി ജെ പി ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കി എങ്കിലും സമാധാനപരമായി വോട്ടിട്ട് മടങ്ങുകയായിരുന്നു മമ്മൂട്ടി.

വോട്ട് ചെയ്യാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ സ്ഥാനാര്‍ഥി കൂടിയായ സുരേഷ് ഗോപി. തിരുവനന്തപുരത്തെ ശാസ്തമംഗലം എന്‍എസ്എസ് ഹൈസ്‌കൂളിലെ 90 ാം നമ്പര്‍ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. തൃശൂരിലെ വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ചശേഷമാണ് സുരേഷ് ഗോപി ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് എത്തിയത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് സുരേഷ് ഗോപി തിരുവനന്തപുരത്ത് എത്തിയത്. വോട്ട് രേഖപ്പെടുത്തിയശേഷം പുറത്തെത്തിയ സുരേഷ് ഗോപിയോട് വിവിധ വിഷയങ്ങളില്‍ മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞെങ്കിലും സുരേഷ് ഗോപി മറുപടികള്‍ നല്‍കിയില്ല. പ്രതികരിക്കാനില്ലെന്ന നിലപാടാണ് സുരേഷ് ഗോപി സ്വീകരിച്ചത്.

ജനക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നീതി നടപ്പാക്കുന്ന നല്ല ഭരണകര്‍ത്താക്കള്‍ അധികാരത്തില്‍ വരട്ടെയെന്ന് നടന്‍ ദിലീപ്. നല്ല ഭരണം വന്നാല്‍ എല്ലാ കാര്യങ്ങളും നന്നായി നടക്കും. നല്ലൊരു അന്തരീക്ഷം ഉണ്ടാകട്ടെയെന്നാണ് ആഗ്രഹമെന്നും ദിലീപ് പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ദിലീപ്. താന്‍ ഒരു കലാകാരനാണ് അതിനാല്‍ തുടര്‍ഭരണമുണ്ടാകുമോ എന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ദിലീപ് പറഞ്ഞു. നിലവിലെ ഭരണത്തില്‍ സംതൃപ്തനാണോ എന്ന ചോദ്യത്തിന് എല്ലാവരും തന്റെ സുഹൃത്തുക്കളാണെന്നാണ് ദിലീപ് മറുപടി പറഞ്ഞത്. ഇവരെ കൂടാതെ രഞ്ജി പണിക്കര്‍ ആസിഫ് അലി, അസ്‌കര്‍ അലി, നീരജ് മാധവ്, രശ്മി സോമന്‍ ഗായിക സയനോര ഫിലിപ്പ് എന്നിവരും വോട്ട് രേഖപ്പെടുത്തി.

തമിഴ് നാട്ടിലും താരങ്ങള്‍ വോട്ടിടാന്‍ വന്നതാണ് വാര്‍ത്തകളില്‍ നിറയുന്നത്. തമിഴ് താരം വിക്രം വോട്ട് രേഖപ്പെടുത്താനായി എത്തി. നടന്നാണ് വീടിനടുത്തുള്ള പോളിംഗ് ബൂത്തിലേക്ക് താരം എത്തിയത്. കൂടാതെ സൂര്യ സഹോദരന്‍ കാര്‍ത്തി രജനി കാന്ത് അജിത് എന്നിവരും വോട്ടു ചെയ്യാന്‍ എത്തിയിരുന്നു. അതേസമയം വോട്ടിങ് ദിനം തന്റെ പ്രതിഷേധം കൂടി അറിയിക്കുവാന്‍ ആണ് തമിഴ് നടന്‍ വിജയ് തിരഞ്ഞെടുത്തത്. പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ചു സൈക്കിളില്‍ ആണ് വിജയ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്.