ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണം ;നടത്തിയത് ബിഹാറിലെ ‘റോബിന്‍ ഹുഡ്’
തിരുവനന്തപുരത്ത് ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയ മോഷ്ട്ടാവിനെ തിരിച്ചറിഞ്ഞു. ബിഹാറിലെ ‘റോബിന്‍ഹുഡ്’ എന്ന് അറിയപ്പെടുന്നയാളാണ് കവര്‍ച്ച നടത്തിയത്. ഇയാളുടെ യഥാര്‍ത്ഥ പേര് ‘ഇര്‍ഫാന്‍’ എന്നാണെന്ന് പൊലീസ് വെളിപ്പെടുത്തി. ആന്ധ്രാ പൊലീസ് ആണ് പ്രതിയെ തിരിച്ചറിഞ്ഞത്. അഞ്ചുദിവസം മുമ്പ് പുലര്‍ച്ചെയാണ് ഭീമ ജ്വല്ലറി ഉടമയുടെ കവടിയാറിലെ വീട്ടില്‍ മോഷണം നടന്നത്. സി സി ടി വി ദൃശ്യങ്ങളില്‍ വീടിനു പിറകിലുള്ള കോറിഡോര്‍ വഴിയാണ് കള്ളന്‍ അകത്ത് കയറിയതെന്ന് വ്യക്തമായിരുന്നു.
പ്രതിയുടെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടിരുന്നു. വലതു കൈയില്‍ ടാറ്റൂ പതിച്ച മോഷ്ടാവിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. പ്രതിയെ കുറിച്ചറിയാവുന്നവര്‍ മ്യൂസിയം പൊലീസിന് വിവരം കൈമാറണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഭീമ ജ്വല്ലറി ഉടമയായ ഡോ ബി ഗോവിന്ദന്റെ കവടിയാറിലുള്ള വീട്ടില്‍ ആയിരുന്നു മോഷണം. കവടിയാര്‍ അതീവസുരക്ഷയുള്ള മേഖലയാണ്. ഇവിടെയാണ് മോഷണം നടന്നത്. കാവല്‍ വളര്‍ത്തു നായ്ക്കളുള്ള വീട്ടിലാണ് മോഷണം നടന്നത്. പുലര്‍ച്ചെ ഒന്നരയ്ക്കും മൂന്നിനും ഇടയില്‍ ആയിരുന്നു സംഭവം. മൂന്നു ലക്ഷം രൂപയുടെ സ്വര്‍ണവും രണ്ടര ലക്ഷം രൂപയുടെ വജ്രവും മോഷണം പോയി. ഇത് കൂടാതെ 60000 രൂപയും മോഷണം പോയി. വന്‍ സുരക്ഷാ സന്നാഹങ്ങള്‍ മറി കടന്നായിരുന്നു മോഷണമെന്നത് അന്വേഷണ സംഘത്തെയും ആശയക്കുഴപ്പത്തില്‍ ആക്കിയിരുന്നു.