അമേരിക്കയില്‍ നിന്നുള്ള ആദ്യഘട്ട കോവിഡ് ചികിത്സ സഹായങ്ങള്‍ എത്തി

അമേരിക്കയില്‍ നിന്നുള്ള ആദ്യഘട്ട കോവിഡ് ചികിത്സ സഹായങ്ങള്‍ ഇന്ത്യയിലെത്തി. ഇന്ന് രാവിലെയാണ് ആദ്യഘട്ട ചികിത്സാ സഹായങ്ങള്‍ രാജ്യത്തെത്തിയത്. 400 ഓക്‌സിജന്‍ സിലിണ്ടറുകള്‍, ഒരു മില്യണ്‍ റാപിഡ് ടെസ്റ്റിംഗ് കിറ്റുകള്‍, മറ്റ് ആശുപത്രി ഉപകരണങ്ങള്‍ എന്നിവയാണ് ഒരു സൂപ്പര്‍ ഗാലക്സി മിലിറ്ററി ട്രാന്‍സ്‌പോര്‍ട്ടറില്‍ ഇന്ന് രാവിലെ ഡല്‍ഹി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ആദ്യഘട്ട ചികിത്സ സഹായങ്ങള്‍ എത്തിയെന്ന വിവരം യുഎസ് എംബസി ട്വിറ്റര്‍ വഴി പങ്ക് വെയ്ക്കുകയും ചെയ്തു.

ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയോടൊപ്പം നില്‍ക്കുന്നുവെന്നും അമേരിക്ക അറിയിച്ചു. കോവിഡ് രോഗബാധയുടെ ആദ്യ ഘട്ടത്തില്‍ അമേരിക്കയുടെ സ്ഥിതി അതീവ ഗുരുതരമായിരുന്നപ്പോള്‍ അമേരിക്കയെ സഹായിച്ച ഇന്ത്യയെ ഈ അവശ്യ ഘട്ടത്തില്‍ സഹായിക്കാന്‍ അമേരിക്ക തീരുമാനിച്ചിരിക്കുകയാണെന്നും ജോ ബൈഡന്‍ അറിയിച്ചിരുന്നു. കോവിഡ് രോഗബാധ അതിരൂക്ഷമായ സാഹചര്യത്തില്‍ ഓക്‌സിജന്‍ , ആശുപത്രി കിടക്കകള്‍, അവശ്യ മരുന്നുകള്‍ എന്നിവയ്ക്ക് വന്‍ ക്ഷാമമാണ് ഇന്ത്യ നേരിട്ട് കൊണ്ടിരിക്കുന്നത്.

കോവിഡ് രോഗബാധ അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്ക 100 മില്യണ്‍ ഡോളര്‍ വില വരുന്ന കോവിഡ് ചികിത്സ ഉപകരണങ്ങള്‍ ഇന്ത്യയിലെത്തിക്കുമെന്ന് വൈറ്റ് ഹൗസ് ബുധനാഴ്ച്ച അറിയിച്ചിരുന്നു. ഇതിലെ ആദ്യഘട്ട ചികിത്സ സഹായമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. അടുത്ത ആഴ്ചയ്ക്കുള്ളില്‍ തന്നെ മുഴുവന്‍ ചികിത്സ സഹായങ്ങളും ഇന്ത്യയില്‍ എത്തിക്കനാണ് അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ 1000 ഓക്‌സിജന്‍ സിലിണ്ടറുകള്‍, 15 മില്യണ്‍ N95 മാസ്‌ക്കുകള്‍, 1 മില്യണ്‍ റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ എന്നിവ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. അത്കൂടാതെ അമേരിക്കയുടെ ആസ്ട്രസെനെക്കാ വാക്സിന്‍ നിര്‍മ്മാണത്തിനായുള്ള സാധനങ്ങളും ഇന്ത്യയ്ക്ക് നല്‍കിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് 20 മില്യണ്‍ വാക്സിന്‍ ഡോസുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യക്ക് സാധിക്കും.