കോവിഡ് പ്രതിരോധം : ചിലയിടങ്ങളില്‍ അലംഭാവമുണ്ടായി എന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ചില സ്ഥലങ്ങളില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി. വാര്‍ഡുതല സമിതികള്‍ രൂപവത്ക്കരിക്കുന്നതില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശം. കോവിഡ് നിയന്ത്രണം സംബന്ധിച്ച് തദ്ദേശ ഭരണ ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് വീഴ്ച ഉണ്ടായത്. ഇടുക്കി, എറണാകുളം, പാലക്കാട്, കാസര്‍കോട് ജില്ലകളിലും അലംഭാവമുണ്ടായി.
പഞ്ചായത്തുകള്‍ വാര്‍ഡ് തല സമിതികള്‍ രൂപീകരിക്കണം. വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കണം. കോവിഡ് രോഗികള്‍ക്കാവശ്യമായ സഹായം വാര്‍ഡ്തല കമ്മിറ്റികള്‍ ചെയ്യണം. അടിയന്തര തിരുത്തല്‍ നടപടി സ്വീകരിക്കണം- അദ്ദേഹം ആവശ്യപ്പെട്ടു. അതിനായി സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പഞ്ചായത്ത് തലത്തില്‍ മെഡിക്കല്‍ രംഗത്ത് ഉളളവരുടെ ലിസ്റ്റ് തയ്യാറാക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലായ സ്ഥലങ്ങളില്‍ ആവശ്യമായ ചികിത്സ ഒരുക്കണം. വാക്സിനേഷനില്‍ വാര്‍ഡുതല അംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ഇവര്‍ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതുപോലെ പുന്നപ്ര കൊവിഡ് കേന്ദ്രത്തിന് സര്‍ക്കാര്‍ ആംബുലന്‍സ് അനുവദിച്ച് നല്‍കുമെന്ന് കൂടാതെ ആവശ്യത്തിനുവേണ്ട ആരോഗ്യ പ്രവര്‍ത്തകരെയും വിന്യസിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരൂര്‍ സ്വദേശിയായ യുവാവിന് ഇന്നലെ രാവിലെ ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ സന്നദ്ധ പ്രവര്‍ത്തകര്‍ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. 87 പേര്‍ കഴിയുന്ന ഡൊമിസിലറി കെയര്‍ സെന്ററില്‍ ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരോ ആംബുലന്‍സോ ഉണ്ടായിരുന്നില്ല. കൊവിഡ് ബാധിതനായ അമ്പലപ്പുഴ കരൂര്‍ സ്വദേശിയെ സന്നദ്ധപ്രവര്‍ത്തകര്‍ ഇന്നലെ ബൈക്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ വാര്‍ത്തയായിരുന്നു.



