ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം ; വീടുകളും കെട്ടിടങ്ങളും തകര്‍ന്നു

ഉത്തരാഖണ്ഡിലെ ദേവപ്രയാഗില്‍ കനത്ത മേഘവിസ്ഫോടനം. റോഡുകള്‍ ഒലിച്ചുപോയതായും നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നതായും അധികൃതര്‍ അറിയിച്ചു. നദിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. ഇതുവരെ ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ തുടരുന്നതിനാല്‍ ആളുകള്‍ പൊതുനിരത്തില്‍ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കാന്‍ കാരണമായെന്ന് ഡിജിപി അശോക് കുമാര്‍ പറഞ്ഞു.

വളരെ കുറച്ച് സമയംകൊണ്ട് ഒരുപ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണ് മേഘവിസ്ഫോടനം.വെള്ളപ്പൊക്കത്തിന് കാരണമാകുന്ന ഈ പ്രതിഭാസം ജനജീവിതത്തെ കാര്യമായി ബാധിക്കുന്ന ഒന്നാണ്. അതേസമയം കേരളത്തിലും പല ഇടങ്ങളില്‍ ശക്തമായ മഴ പെയ്യുകയാണ്. തിരുവനന്തപുരത്തു ഇന്ന് വൈകന്നേരത്തോടെ തുടങ്ങിയ മഴ ശക്തമായ രീതിയില്‍ തുടരുകയാണ്. നഗരത്തിലെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിന് അടിയിലായി. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്റെ ഉള്ളില്‍ വെള്ളം കയറി. ട്രാക്കുകളും വെള്ളത്തിന് അടിയിലാണ്.