സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴ ; 13 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ഞായറാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയുണ്ടാകും. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ചു. ഞായറാഴ്ച 13 ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. 15 ന് ലക്ഷദ്വീപില്‍ അതിതീവ്ര മഴയുണ്ടാകും. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. തെക്കു-കിഴക്കന്‍ അറബിക്കടലില്‍ മറ്റന്നാളോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. ന്യൂനമര്‍ദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറിയേക്കും.
അതേസമയം ഇന്നലെ തിരുവനന്തപുരത്ത് ഉണ്ടായ തീവ്ര മഴയില്‍ നഗരം വെള്ളത്തിനടിയിലായിരുന്നു. അഞ്ചുതെങ്ങില്‍ മത്സ്യബന്ധനത്തിന് പോയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. തിരുവനന്തപുരം ചിറയിന്‍കീഴനടുത്ത് അഞ്ചുതെങ്ങ് പഴയനട സ്വദേശി സതീഷ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനിടെ മാത്രം നാല് പേരാണ് സംസ്ഥാനത്ത് ഇടിമിന്നലേറ്റ് മരിച്ചത്.
കോട്ടയത്ത് ഒരാളും മൂവാറ്റുപുഴയില്‍ രണ്ട് പേരുമാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത്. കോട്ടയം പാലാ തിടനാടിനടുത്ത് പൂവത്തോട് സ്വദേശിയായ ബാബു ജോസഫ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. ഓട്ടോ ഡ്രൈവറായ ബാബുവിന് വീടിന് മുന്നില്‍ വച്ചാണ് ഇടിമിന്നലേറ്റത്. ഉടന്‍ തന്നെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. റെനിയാണ് ബാബുവിന്റെ ഭാര്യ. മക്കള്‍ റിയ, അനില്‍, അലക്‌സ്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത ഉള്ളതിനാല്‍ നാളെ മുതല്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.