സംസ്ഥാനത്ത് ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് ; പത്തനംതിട്ടയില്‍ പ്രളയ മുന്നറിയിപ്പ്
കനത്ത മഴ തുടരുന്ന കേരളത്തില്‍ ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയില്‍ കേന്ദ്ര ജല കമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. മണിമലയാര്‍, അച്ചന്‍ കോവിലാര്‍ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര ജല കമ്മീഷന്‍ ഓറഞ്ച് ബുള്ളറ്റിന്‍ പുറപ്പെടുവിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ജല കമ്മീഷന്‍ തമിഴ്‌നാട്, കേരള സംസ്ഥാനങ്ങള്‍ക്കായി ഓറഞ്ച് ബുള്ളറ്റിന്‍ പുറത്തിറക്കി. ഇരുസംസ്ഥാനങ്ങളിലും ചിലയിടങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. കേരളത്തിലെ മണിമല, അച്ചന്‍കോവില്‍ എന്നീ നദികളിലും തമിഴ്‌നാട്ടിലെ കോഡയാര്‍ നദിയിലും ജലനിരപ്പ് ക്രമാതീതമായി ഉയരും.
ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കേരളത്തില്‍ വന്‍തോതില്‍ മഴ പെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ നദികളിലെ ജലനിരപ്പ് കേന്ദ്ര ജല കമ്മീഷന്‍ വിലയിരുത്തിയത്. അച്ചന്‍കോവിലാറും മണിമലയാറും ചിലയിടത്ത് അപകട നിലയ്ക്ക് മുകളിലാണ് ഒഴുകുന്നതെന്ന് ജല കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം ചുഴലിക്കാറ്റിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നുണ്ട്. ടോക് ടേ അതിതീവ്ര ചുഴലിക്കാറ്റായി മാറി. വടക്ക് ഭാഗത്തേക്കാണ് ടോക് ടേ നീങ്ങുന്നത് എന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് വടക്കന്‍ കേരളം.
എറണാകുളം മുതല്‍ കാസര്‍കോട് വരെ 9 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്. അതോടൊപ്പം കടല്‍ ക്ഷോഭവുമുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി വട്ടവടയില്‍ വ്യാപക നാശനഷ്ടമുണ്ടായി. വട്ടവട പഴത്തോട്ടത്ത് 20 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. പുറത്തേക്കുള്ള റോഡുകള്‍ എല്ലാം തകര്‍ന്നു. വട്ടവടയില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കാനാവാതെ രോഗി മരിച്ചു. വട്ടവട സ്വദേശി രാജ ആണ് മരിച്ചത്. ഇടുക്കി താലൂക്കിലും വ്യാപക നാശനഷ്ടമുണ്ടായി.
മഴ ശക്തമായതോടെ ഇടുക്കി ജില്ലയിലെ മൂന്ന് അണക്കെട്ടുകള്‍ തുറന്നു. മലങ്കര, കല്ലാര്‍കുട്ടി, പാംബ്ല എന്നീ ഡാമുകളാണ് തുറന്നത്. മൂന്ന് അണക്കെട്ടുകളുടെയും ഷട്ടറുകള്‍ തുറന്ന് നിയന്ത്രിത അളവിലാണ് ജലം പുറത്തേക്ക് ഒഴുക്കുന്നത്. അണക്കെട്ടുകള്‍ തുറന്നത് മൂലം പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പെരിയാറിന്റെ ഇരു കരകളിലും ഉള്ളവര്‍ക്ക് ജില്ല ഭരണകൂടം ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.