ലതികാ സുഭാഷ് എന്‍സിപി യിലേക്ക്


സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതിനെ തുടര്‍ന്ന് തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ച ലതികാ സുഭാഷ് എന്‍സിപി യില്‍ ചേരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് അറിയുന്നു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ആയിരുന്നു ലതികാ സുഭാഷ്, സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ഉപേക്ഷിക്കുകയായിരുന്നു.

കെപിസിസി നേതൃത്വം തന്നോടും വലിയ വിഭാഗം സ്ത്രീ പ്രവര്‍ത്തകരോടും ഒരുകാലത്തും യാതൊരു നീതിയും കാട്ടിയിട്ടില്ല എന്ന് അവര്‍ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയാണ് എന്‍സിപി എന്നും ലതിക പ്രതികരിച്ചു. കോണ്‍ഗ്രസിലെ സ്ഥാനാര്ഥി നിര്‍ണയത്തെ തുടര്‍ന്നുള്ള പടലപ്പിണക്കങ്ങള്‍ക്കൊടുവില്‍ മാസങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിവിട്ട പിസി ചാക്കോയാണ് ഇപ്പോള്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍. കോണ്‍ഗ്രസ് തകര്‍ന്നടിയുകയാണ്, വരും ദിവസങ്ങളില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്‍സിപി യിലേക്ക് വരും എന്ന് പിസി ചാക്കോ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.