സംസ്ഥാനത്ത് 29 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ; പത്തനംതിട്ടയില്‍ പ്രളയമുന്നറിയിപ്പ്
29 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്ത് ജില്ലകളില്‍ ഈ മാസം 30 വരെ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത ഉള്ളതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജാഗ്രതാ നിര്‍ദേശമുണ്ട്.
അതേസമയം പത്തനംതിട്ടയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയത്. മൂഴിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. അപകടനിലയ്ക്ക് മുകളിലൂടെയാണ് പമ്പയും അച്ചന്‍കോവിലാറും ഒഴുകുന്നത്. വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ നിര്‍ദേശാനുസരണം അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിത്താമസിക്കണമെന്നാണ് നിര്‍ദേശം.