കാലവര്‍ഷം ; കേരളത്തില്‍ എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്
നേരത്തെ പ്രവചിക്കപ്പെട്ടതില്‍നിന്ന് രണ്ടു ദിവസത്തിന് ശേഷം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്ത് എത്തി. വരും ദിവസങ്ങളില്‍ കേരളത്തില്‍ പരക്കെ ശക്തമായ മഴ ലഭിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡിജി എം മോഹന്‍പത്ര പറഞ്ഞു. കാറ്റിന്റെ വേഗത, മഴയുടെ സ്ഥിരത, തീവ്രത, മേഘ മൂടല്‍ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് രാജ്യത്തെ കാര്‍ഷിക-ആശ്രിത സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായകമായ കാലവര്‍ഷത്തിന്റെ വരവ് പ്രവചിക്കുന്നത്.
അതേസമയം കാലവര്‍ഷം സംസ്ഥാനത്ത് എത്തിയതോടെ വരുന്ന അഞ്ചു ദിവസങ്ങളില്‍ എട്ടു ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കുകിഴക്ക് അറബിക്കടലിലും ലക്ഷദ്വീപിലും കേരളതീരത്തും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.ഇത്തവണ സംസ്ഥാനത്ത് മഴ നന്നായി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യാ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മോഹന്‍പത്ര പറഞ്ഞു.