ഒരു ഫെയിസ്ബുക്ക് പോസ്റ്റില്‍ മുങ്ങിപ്പോയ 240 കോടിയുടെ ഹ്യുമാനിറ്റേറിയന്‍ ഹോസ്പിറ്റല്‍?

ഫാ. ഡേവിസ് ചിറമേല്‍ സോഷ്യല്‍ മീഡിയയയിലൂടെ അറിയിച്ച സൗജന്യ ചികിത്സ ലഭ്യമാക്കുന്ന സ്വപ്‌ന പദ്ധതിയായ ഹ്യുമാനിറ്റേറിയന്‍ ഹോസ്പിറ്റലും തുടര്‍ന്ന് ആ പ്രോജെക്റ്റില്‍ നിന്നുള്ള അദ്ദേഹത്തിന്റെ പിന്മാറ്റവും ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഒരു ചര്‍ച്ചയാണ്. സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഒരു ഹോസ്പിറ്റല്‍ ചിലരുടെ പിന്തുണയോടു കൂടി ഫാ. ചിറമേല്‍ പ്രഖ്യാപിക്കുന്നു.

എല്ലാവര്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഒരു ബൃഹത്തായ ഒരു ആരോഗ്യസംരക്ഷണ കേന്ദ്രമായിരുന്നു ഫാ. ചിറമ്മേലും സംഘവും അവതരിപ്പിച്ചത്. എന്നാല്‍ വളരെപ്പെട്ടെന്നു തന്നെ അദ്ദേഹം താന്‍ ഈ പ്രോജെക്ക്റ്റില്‍ നിന്നും മാറുകയാണ് എന്ന് മറ്റൊരു വീഡിയോയിലൂടെ അവതരിപ്പിക്കുന്നു. പിന്നീട് ഉള്ള ദിവസങ്ങളില്‍ അദ്ദേഹം തന്നെ വീഡിയോയിലൂടെ ജസ്റ്റിന്‍ ജോര്‍ജ് എന്ന സോഷ്യല്‍ മീഡിയ ഉപഭോക്താവിന്റെ ഒരു ഫെയിസ്ബുക്ക് പോസ്റ്റും അതിനെ ചുറ്റിപ്പറ്റിയും പ്രതിപാദിക്കുന്നു. ഫാ. ചിറമ്മേലിന്റെ പക്ഷം ചേര്‍ന്ന് വെട്ടുകിളികളെപ്പോലെ കുറെ സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ജസ്റ്റിന്‍ ജോര്‍ജിനെ ആക്ഷേപിക്കുകയും, ചില നവധാര മാധ്യമങ്ങള്‍ അത് ഏറ്റുപിടിക്കുകയും ജസ്റ്റിന്‍ എന്ന വ്യക്തിയെ വളരെ വ്യക്തിപരമായി ആക്ഷേപിക്കുകയൂം അദ്ദേഹത്തിന്റെ സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വിട്ടു ജസ്റ്റിനെ സംശയത്തിന്റെ ഉന്നതിയില്‍ കൊണ്ടുവരുന്നു.

ജസ്റ്റിന്‍ കാരണമാണ് പാവപ്പെട്ടവര്‍ക്ക് ഗുണപ്പെടേണ്ടിയിരുന്ന വലിയൊരു പദ്ധതി ഇല്ലാതായത് എന്നായിരുന്നു തല്‍പരകക്ഷികളുടെ രോദനം. അതേസമയം ഫാ. ചിറമ്മേലും തന്റെ വീഡിയോയിലൂടെ ജസ്റ്റിന്റെ ആത്മവീര്യം കെടുത്താനിന്ന രീതിയില്‍ വ്യക്തതയില്ലാതെയും, അണികളില്‍ രോഷമുന്‍കാന്‍ പോരുന്ന സംസാര ശൈലിയില്‍ സംസാരിക്കുന്നു. ജസ്റ്റിനും വിശദികരണമെന്നോണം പോസ്റ്റുകള്‍ പുറത്തിറക്കുന്നു. വിവാദം ചൂടുപിടിച്ചെങ്കിലും സഭാധികാരികള്‍ ഈ വിഷയത്തില്‍ മൗനം പാലിച്ചിരിക്കുകയാണ്.

എന്താണ് ജസ്റ്റിന്‍ എഴുതിയ പോസ്റ്റിന്റെ സാരാംശം? ഡേവിസ് ചിറമേല്‍ എന്ന കത്തോലിക്കാ സഭയിലെ വൈദികന്‍, തല്പരകക്ഷികളായ കുറച്ചു പേരെ കൂടെ ചേര്‍ത്ത്, ഹ്യൂമാനറ്റേറിയന്‍ ഹോസ്പിറ്റലിന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിച്ചു, പണപ്പിരിവ് തുടങ്ങുന്നതില്‍ നിന്ന് പിന്മാറണമെന്ന് ജസ്റ്റിന്‍ അഭ്യര്‍ത്ഥിക്കുന്നു. വൈദികന്റെ വാക്കുകള്‍ വിശ്വസിച്ചു പണം അയച്ചു കൊണ്ട് ഇരിക്കുന്നവരെയും, ഇനിയും അയക്കാന്‍ സാധ്യത ഉള്ളവരെയും കണക്കിലെടുത്ത് ഈ പ്രോജക്ടിന് വേണ്ടി പണം അയക്കുന്നതിന് മുന്‍പ് ഒന്ന് കൂടി ആലോചിക്കാന്‍ പ്രേരിപ്പിക്കണം എന്നതായിരുന്നു പോസ്റ്റിന്റെ വ്യക്തമായ ലക്ഷ്യം.

എന്നാല്‍ കഥ വര്‍ണ്ണിച്ചു വഷളാക്കിയെന്നുപറഞ്ഞതുപോലെ മഹത്തരമായ ഒരു പ്രോജെക്റ്റ്, ജസ്റ്റിന്‍ എന്ന ഒരു വ്യക്തി ഒരു ഫെയിസ്ബുക്ക് പോസ്റ്റിലൂടെ നശിപ്പിച്ചു എന്നതായിരുന്നു ആരോപണം. ജസ്റ്റിന്‍ അനുകൂലിച്ചും, വൈദികനെ അനുകൂലിച്ചും നിരവധിപേര്‍ രംഗത്തെത്തി. അതേസമയം ജസ്റ്റിന്‍ എന്ന വ്യക്തിയെ സഭ്യതയുടെ സീമകള്‍ ലംഘിച്ചും ആക്ഷേപിക്കുന്നതില്‍ കുറെ സോഷ്യല്‍ മീഡിയ ഗുണ്ടകള്‍ ആനന്ദം കണ്ടെത്തി.

ഒരു ഫെയിസ്ബുക്ക് പോസ്റ്റില്‍ 240 കോടിയുടെ ഹ്യുമാനിറ്റേറിയന്‍ ഹോസ്പിറ്റല്‍ പ്രോജെക്ക്റ്റ് മുങ്ങിപോകുകയോ? ആര്‍ക്കും ഉണ്ടാകാവുന്ന ഒരു ഒരു സംശയമാണിത്. ജസ്റ്റിന്‍ ഉയര്‍ത്തിയ വാദം ഏറെ ഗൗരവമുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ മനസ്സിലാകണെമെങ്കില്‍ ഈ പദ്ധതിയ്ക്കായി ദാനം നല്‍കുമെന്ന വസ്തുവിനെക്കുറിച്ചു അറിയണം. കസ്തൂരി രംഗന്‍ പഠന റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന ഭൂമിയില്‍ ഇപ്രകാരമൊരു മെഗാ പദ്ധതിക്ക് അനുമതി കിട്ടുമോ എന്നതാണ് ഈ വിവാദത്തിലെ ഏറ്റവും ശ്രദ്ധേയമായ ചോദ്യം.

ഇതിനിടയില്‍ മാത്യു ചെമ്പുകണ്ടത്തില്‍ ഫാ. ഡേവിസ് ചിറമ്മേലിനോട് വിശദികരണം ആവശ്യപ്പെട്ടു മുന്നോട്ടുവച്ച ചോദ്യങ്ങള്‍ ഏറെ പ്രസക്തമാണ്.
1. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോല പ്രദേശമെന്ന് പറയുന്നിടത്താണോ വാസ്തവമായി ഈ പ്രോജക്ട് നടപ്പാക്കുന്നത്? അങ്ങനെയെങ്കില്‍ ഈ പ്രോജക്ടിന് അംഗീകാരം ലഭിക്കാന്‍ സാധ്യതയുണ്ടോ?
2. പാരിസ്ഥതിക അംഗീകാരം ലഭിച്ചാല്‍ തന്നെ, ഈ പദ്ധതിക്കു വേണ്ടി വിദേശങ്ങളില്‍ നിന്നടക്കം കോടിക്കണക്കാന് രൂപ ശേഖരിക്കാന്‍ വേണ്ട അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന് ഉറപ്പുണ്ടോ ?
3. നിര്‍മാണത്തിനായി 250 കോടി ലഭിച്ചാലും ഈ ആശുപത്രിക്ക് ഭാരിച്ച സാമ്പത്തിക ചെലവ് തുടര്‍ന്നം ഉണ്ടാകും. ലോകം മുഴുവന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുമ്പോള്‍, തൊഴില്‍ നഷ്ടപ്പെട്ട് ജനങ്ങള്‍ ദുരിതത്തിലാകുമ്പോള്‍ ഹുമാനിറ്റേറിയന്‍ ഹോസ്പിറ്റലിനു ദൈനംദിന ചെലവുകള്‍ക്കു വേണ്ട പണം കാലാകാലത്തോളം സംഭാവനയായി ജനങ്ങള്‍ തരുമെന്ന് ഉറപ്പാക്കാന്‍ കഴിയുമോ? അങ്ങനെ കിട്ടിയില്ലെങ്കില്‍ മറ്റെന്തു വഴിയാണ് അങ്ങേക്കു മുന്നിലുള്ളത്?
4. ആശുപത്രിയുടെ വിജയത്തിന് വേണ്ടത് ആരോഗ്യരംഗത്തെ പ്രൊഫഷണലുകളുടെ ലഭ്യതയാണ്. 100% സൗജന്യമായി കാലാകാലത്തോളം ഇവരുടെ ലഭ്യത ഉറപ്പാക്കാന്‍ അങ്ങേക്ക് കഴിയുമോ?
5. സൗജന്യചികിത്സ ലഭിക്കുന്നു എന്നറിഞ്ഞ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നം ആളുകള്‍ കൂട്ടത്തോടെ ചികിത്സ തേടി വന്നേക്കാം. ഇത്തരമൊരു സാഹചര്യത്തെ എങ്ങനെ നേരിടും?
6. ആശുപത്രിയുടെ മാനേജ്‌മെന്റ് സംവിധാനം എപ്രകാരമാണ് രൂപപ്പെടുത്തിയിരിക്കുന്നത്? ആരാണ് സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്?
7. ഫാ.ഡേവിസ് ചിറമ്മല്‍ എന്ന അങ്ങ് മാനേജ്‌മെന്റില്‍ എന്ത് സ്ഥാനം വഹിക്കും?
8. ഇത്തരം ബ്രഹത് പദ്ധതികള്‍ ഏറ്റെടുത്തു നടത്തി വിജയിച്ച എത്ര പേര്‍ അങ്ങയുടെ കൂടെയുണ്ട്? അങ്ങേക്ക് ഇത്തരം പ്രോജക്ടുകള്‍ വിജയിപ്പിച്ച് മുന്‍പരിചയമുണ്ടോ?
9. ആജീവനാന്തം അങ്ങയെ ഇപ്രകാരമൊരു പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തൃശ്ശൂര്‍ രൂപത അനുവദിച്ചിട്ടുണ്ടോ?
10. കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ സര്‍ക്കാര്‍ ആശുപത്രികയിലും മറ്റും ലഭ്യമാകുമ്പോള്‍ ഇത്തരം പദ്ധതികള്‍ വാസ്തവമായി ആവശ്യമുണ്ടോ?
11. ഈ പദ്ധതിയുടെ രജിസ്‌ട്രേഷനും പ്രോജക്ടു റിപ്പോര്‍ട്ടും തയാറാക്കി, പദ്ധതി 100 ശതമാനവും വിജയിപ്പിക്കാന്‍ കഴിയും എന്ന് ഉറപ്പാക്കിയതിനു ശേഷമാണോ അങ്ങ് ഈ പദ്ധതി പ്രഖ്യാപിച്ചത്? അങ്ങനെയെങ്കില്‍ രജിസ്‌ട്രേഷനും പ്രോജക്ട് റിപ്പോര്‍ട്ടും പൊതുജനങ്ങള്‍ക്ക് വെളിപ്പെടുത്തുമോ ?
12. ആശുപത്രി സാക്ഷാത്കരിക്കുന്നതിനു മുന്നേ ഭൂമാഫിയകളും ബിനാമികളും ആ പ്രദേശം മുഴുവന്‍ കൈയടക്കുമെന്നും അവരുമായി യോജിച്ചു മാത്രമേ മുന്നോട്ടു പോകാനാവൂ എന്നതും നിഷേധിക്കാന്‍ കഴിയുമോ ?

വേണ്ട തയാറെടുപ്പുകള്‍ ഇല്ലാതെ ഫാ. ചിറമേല്‍ പ്രഖ്യാപിച്ച ഈ മെഗാ പ്രോജക്ട് ഭാവിയില്‍ സൃഷ്ടിച്ചേക്കാവുന്ന പ്രതിസന്ധിയെ മുന്‍കൂട്ടി കണ്ട് പ്രതികരിക്കുന്നവരെ സോഷ്യല്‍ മീഡിയ ഗുണ്ടകള്‍ക്ക് വിട്ടുനല്കിയതെന്തിനാണ്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഫാ. ചിറമേല്‍ ബാധ്യസ്ഥനാണ്.