മരം കള്ളക്കടത്തു ; സര്‍ക്കാര്‍ അറിവോടെയോ…? : പി.ടി. തോമസ് എംഎല്‍എ

വനം കള്ളക്കടത്തില്‍ സര്‍ക്കാരിനെതിരെ ആരോപണവുമായി പി.ടി. തോമസ് എംഎല്‍എ. കോവിഡ് മഹാമാരിയില്‍ സംസ്ഥാനമാകെ പൊലീസ് കാവല്‍നില്‍ക്കുമ്പോള്‍ ഈട്ടിത്തടി എങ്ങനെ വയനാട്ടില്‍നിന്ന് എറണാകുളത്തെത്തിയെന്ന് പി ടി തോമസ് ചോദിക്കുന്നു. എത്ര ചെക്ക് പോസ്റ്റുകള്‍ വനംകൊള്ളക്കാര്‍ക്കായി കണ്ണടച്ചുകൊടുത്തുവെന്ന് വ്യക്തമാക്കണം. സര്‍ക്കാര്‍ അറിയാതെയാണോ ഇതെല്ലാം നടന്നതെന്നും അദ്ദേഹം ചോദിച്ചു. തടി വിദേശത്തേക്ക് കടത്തിയെന്ന് മാധ്യമവാര്‍ത്തകളുണ്ടെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് പി ടി തോമസ് നിയമസഭയില്‍ പറഞ്ഞു.

വനംകൊള്ളക്കാര്‍ നിസാരക്കാരല്ലെന്നും നേരത്തെ തന്നെ നിരവധി തട്ടിപ്പുകേസുകളില്‍ പ്രതികളായിരുന്നുവെന്നും വകുപ്പ് മന്ത്രിക്കോ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ അറിയുമായിരുന്നോ എന്ന് പി ടി തോമസ് ചോദിച്ചു. മാംഗോ മൊബൈലുമായി ബന്ധപ്പെട്ട് എറണാകുളത്ത് സംഘടിപ്പിച്ച ഇവരുടെ വെബ്സൈറ്റ് ഉദ്ഘാടന ചടങ്ങില്‍ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത് മുഖ്യമന്ത്രിയെ ആയിരുന്നു. ചടങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രതികളെ വേദിയില്‍വെച്ച് പൊലീസ് അറസ്റ്റ് ചെയ്തെന്ന് കേട്ടിരുന്നു. അതിനാല്‍ മുഖ്യമന്ത്രിക്ക് ഉദ്ഘാടനം ചെയ്യേണ്ടിവന്നില്ല. മുട്ടില്‍ വനംകൊള്ളക്കാരുടെ തട്ടിപ്പിന്റെ ആഴവും പരപ്പും ഇതില്‍നിന്ന് വ്യക്തമല്ലേയെന്നും അദ്ദേഹം ചോദിച്ചു.

പ്രതികള്‍ ആലുവയിലും എറണാകുളത്തും കോഴിക്കോടും വെച്ച് വനംമന്ത്രിയെ കണ്ടുവെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളെയും കണ്ടുവെന്നാണ് ഹംസ മാധ്യമങ്ങളോട് പറഞ്ഞത്. ഈ വനംകൊള്ളക്കാര്‍ വനംമന്ത്രിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നതായും പറയുന്നു. ഈ പ്രതികള്‍ ഏതെങ്കിലും ഘട്ടത്തില്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ?. ഒരു മാധ്യമസ്ഥാപനത്തിന്റെ പ്രധാനപ്പെട്ട വ്യക്തി ഈ സംഭവത്തില്‍ മധ്യസ്ഥത വഹിച്ചിരുന്നു. ഈ കാര്യങ്ങളെല്ലാം അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികള്‍ ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം എങ്ങനെയാണ് സര്‍ക്കാരിനെ സ്വാധീനിച്ച് മൂന്ന് മാസത്തേക്ക് ഈട്ടിത്തടി മുറിക്കാന്‍ പ്രത്യേകമായ നിയമവിരുദ്ധമായ ഉത്തരവ് ഉത്തരവ് സമ്പാദിച്ചത്? സര്‍ക്കാരില്‍ എങ്ങനെയാണ് പ്രതികള്‍ സ്വാധീനം ചെലുത്തിയതെന്ന് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ? വനം കൊള്ളക്കാര്‍ വനം മന്ത്രിയേയും മറ്റ് ഉദ്യോഗസ്ഥരേയും നേരിട്ടോ ഫോണിലോ ബന്ധപ്പെട്ടിട്ടുണ്ടോ ?. ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് മരംമുറിയുടെ കരാര്‍ എടുത്ത ഹംസ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.-പി ടി തോമസ് പറഞ്ഞു. എറണാകുളം കരിമുകളിലുള്ള തടിമില്ലില്‍ നിന്നും വനംമേധാവിക്ക് ലഭിച്ച ഈ മെയില്‍ സന്ദേശത്തിലാണ് ഈട്ടിത്തടി വയനാട്ടില്‍ നിന്നും എറണാകുളത്തെത്തിയ കാര്യം ബന്ധപ്പെട്ടവര്‍ അറിയുന്നത്. അല്ലാതെ ആരും കണ്ടുപിടിച്ചതല്ല.

തടി മുറിക്കാന്‍ പാടില്ലെന്ന് പറഞ്ഞ ആദിവാസികളോട് വനംകൊള്ളക്കാര്‍ പറഞ്ഞത് ഇതിന്റെ വിലയുടെ 60 ശതമാനം സര്‍ക്കാരിനും 20 ശതമാനം ഭൂ ഉടമകള്‍ക്കും 10 ശതമാനം പണിക്കൂലിയും 10 ശതമാനം വെട്ടുന്ന തങ്ങള്‍ക്കം എന്നാണ്. നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ഈട്ടിത്തടികള്‍ അറുത്തു മുറിച്ച് അവര്‍ വനം ശുദ്ധീകരിച്ചു. 60 ശതമാനം സര്‍ക്കാരിനാണെന്ന് പ്രതികളെ പറയിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്താണ് ?. 60 ശതമാനം ആരുടെയെല്ലാം പോക്കറ്റിലേക്കാണ് പോയത് ? ഈട്ടിത്തടി മില്ലിലെത്തിയെന്ന് മില്ലുടമ അറിയുന്നത് വരെ ഈ വിവിരം സര്‍ക്കാര്‍ അറിഞ്ഞിരുന്നോയെന്നും പി ടി തോമസ് ചോദിച്ചു.