മുട്ടില്‍ മരംമുറി കേസില്‍ ഇടപെട്ട് കേന്ദ്രം ; വി മുരളീധരന്‍ നാളെ വയനാട് സന്ദര്‍ശിക്കും
മുട്ടില്‍ മരംമുറി കേസില്‍ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍. വിഷയത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടി. കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടി ഉണ്ടാകുമെന്ന് പ്രകാശ് ജാവദേക്കര്‍ അറിയിച്ചതായി കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.മുട്ടില്‍ മരംമുറി കേസില്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിന് നല്‍കിയ കത്തില്‍ വി. മുരളീധരന്‍ ചൂണ്ടിക്കാട്ടുന്നത്. വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത് നല്‍കിയിരിക്കുന്നത്.
മാഫിയകളെ സംരക്ഷിക്കുകയും അവര്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന സര്‍ക്കാറാണ് കേരളത്തിലേതെന്ന് വി. മുരളീധരന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ഇത്തരം മരംമുറി സംഭവങ്ങള്‍ എല്ലാം ഇതിന്റെ ഭാഗമായി കേന്ദ്രം അന്വേഷിക്കും. മുട്ടില്‍ മരംമുറി സംഭവം, കൊടകര കേസില്‍ പ്രതിരോധത്തിലായ ബിജെപിയുടെ പ്രത്യാക്രമണമല്ലെന്നും വി. മുരളീധരന്‍ പറഞ്ഞു. അതുപോലെ വി മുരളീധരന്‍ നാളെ വയനാട് മുട്ടിലില്‍ മരംമുറി നടന്ന സ്ഥലം സന്ദര്‍ശിക്കും. വാഴവറ്റയ്ക്ക് സമീപം മരംമുറിച്ച കോളനി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് സന്ദര്‍ശിക്കുക. നാളെ പകല്‍ പതിനൊന്ന് മണിയോടെയാണ് സന്ദര്‍ശനം നടത്തുക. മരംമുറി കേസില്‍ ബിജെപി സജീവമായി ഇടപെടുന്നതിന്റെ സൂചനകളാണ് വി മുരളീധരന്റെ നാളത്തെ സന്ദര്‍ശനത്തോടെ വ്യക്തമാകുന്നത്. കേസില്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രകാശ് ജാവദേക്കറിന് നല്‍കിയ കത്തില്‍ വി. മുരളീധരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.