ശ്രീലങ്കയില്‍ നിന്ന് തീവ്രവാദി സംഘം എത്തുന്നെന്ന് റിപ്പോര്‍ട്ട് ; കേരള തീരത്തും ജാഗ്രതാ നിര്‍ദ്ദേശം
ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ഒരു ബോട്ട് രാമേശ്വരം തീരത്തേക്ക് തിരിച്ചതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് തമിഴ്നാട് തീരത്ത് അതീവ സുരക്ഷയേര്‍പ്പെടുത്തി. രാമേശ്വരം തീരത്ത് തീവ്രവാദികള്‍ എത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്. തമിഴ്നാട് പൊലീസിനു പുറമെ കേന്ദ്ര ഏജന്‍സികളും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിലാണ് കനത്ത ജാഗ്രത തുടരുന്നത്.
ആയുധങ്ങളുമായി തീവ്രവാദികളുടെ സംഘം രാമേശ്വരം തീരത്തേക്ക് ബോട്ടില്‍ പുറപ്പെട്ടതായാണ് രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ച വിവരം. ഇതു സംബന്ധിച്ച കൂടുതല്‍ വിശദാശംങ്ങള്‍ സുരക്ഷാ വിഭാഗം പുറത്ത് വിട്ടിട്ടില്ല.ശ്രീലങ്കയില്‍ നിന്നുള്ള മയക്കുമരുന്ന് സംഘത്തെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സേന പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്കന്‍ ബോട്ട് സംബന്ധിച്ച വിവരം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്നത്. അതുപോലെ തമിഴ്‌നാട് തീരത്ത് തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരള തീരത്തും ജാഗ്രതാ ശക്തമാക്കി. ഏത് ഭീകര സംഘടനയില്‍ ഉള്ളവരാണ് ബോട്ടില്‍ ഉള്ളത് എന്ന് വ്യക്തമായിട്ടില്ല.