നെന്മാറയിലേത് അവിശ്വസനീയ കാര്യങ്ങളെന്ന് വനിതാ കമ്മീഷന്‍ ; ജീവിക്കാന്‍ അനുവദിക്കണമെന്ന് സജിതയും റഹ്മാനും

നെന്മാറ അയിലൂരില്‍ ഭര്‍തൃവീട്ടില്‍ പത്തുവര്‍ഷത്തോളം യുവതി ഒളിവില്‍ കഴിഞ്ഞ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത വനിതാ കമ്മീഷന്‍ സ്ഥലം സന്ദര്‍ശിച്ചു. റഹ്മാനും സജിതയും നിലവില്‍ വാടകയ്ക്ക് താമസിയ്ക്കുന്ന നെന്മാറ വിത്തിനശ്ശേരിയിലെ വീട്ടിലാണ് കമ്മീഷന്‍ ആദ്യം സന്ദര്‍ശനം നടത്തിയത്. വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍, അംഗങ്ങളായ ഷാഹിദ കമാല്‍, ഷിജി ശിവജി എന്നിവരാണ് സന്ദര്‍ശനം നടത്തിയത്.

റഹ്മാനെയും സജിതയേയും കണ്ടശേഷം ഇവര്‍ സജിത ഒളിച്ചു താമസിച്ച അയിലൂര്‍ കാരക്കാട്ട്പറമ്പിലെ വീടും സന്ദര്‍ശിച്ചു. റഹ്മാന്റെ മാതാപിതാക്കളില്‍ നിന്നും മൊഴിയെടുത്തു. തുടര്‍ന്ന് മാധ്യമങ്ങളെക്കണ്ട കമ്മീഷന്‍ സംഭവത്തില്‍ അവിശ്വസനീയത തുടരുന്നതായി വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് റിപ്പോര്‍ട്ട് പരിശോധിച്ചശേഷമേ നിഗമനത്തിലെത്താന്‍ കഴിയൂവെന്നും കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ സംഭവിച്ചതെല്ലാം ശരിയാണെന്നും ജീവിക്കാന്‍ അനുവദിക്കണമെന്നും റഹ്മാനും സജിതയും പറഞ്ഞു. സജിത റഹ്മാന്റ മുറിയില്‍ ഒളിച്ചു കഴിഞ്ഞുവെന്ന വാദം തെറ്റാണെന്ന് മാതാപിതാക്കള്‍ പറഞ്ഞു. കമ്മീഷനുമായി അരമണിക്കൂറോളം സംസാരിച്ച ഇവര്‍ ഇതു സംബന്ധിച്ച് റഹ്മാന്‍ പറയുന്നതെല്ലാം അടിസ്ഥാനരഹിതമാണെന്ന് ആവര്‍ത്തിച്ചു. റഹ്മാന്റെ മുറിയില്‍ വനിതാ കമ്മീഷന്‍ പരിശോധന നടത്തി.

റഹ്മാന്റെയും സജിതയുടെയും ഒളിവ് ജീവിതം സംബന്ധിച്ച അവിശ്വസനീയത തുടരുകയാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ലോക്കല്‍ പൊലീസിന് പുറമെ ജില്ലാ ക്രൈംബ്രാഞ്ചിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമേ നിഗമനത്തില്‍ എത്താന്‍ കഴിയൂവെന്ന് കമ്മീഷന്‍ പറഞ്ഞു. കേരളത്തില്‍ ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്നും അവര്‍ ഇനിയുള്ള കാലം സുഖമായി ജീവിക്കട്ടെ. വനിതാ കമ്മീഷന്‍ ഇവരുടെ ജീവിതം നിരീക്ഷിയ്ക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം തങ്ങളെ ജീവിക്കാനനുവദിക്കണമെന്ന് നെന്‍മാറയിലെ സജിതയും റഹ്മാനും. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചക്കാലമായി തങ്ങള്‍ ദുഃഖത്തിലാണെന്ന് റഹ്മാന്‍ പറഞ്ഞു. ജീവിക്കണമെങ്കില്‍ പണിക്ക് പോകണം. ഇതൊരു കേസായാല്‍ ജോലിക്ക് പോകാന്‍ കഴിയില്ല. കേസ് ഒഴിവാക്കണമെന്നും റഹ്മാന്‍   പറഞ്ഞു.

പത്ത് വര്‍ഷക്കാലം സന്തോഷത്തോടെയാണ് റഹ്മാന്റെ വീട്ടില്‍ കഴിഞ്ഞതെന്ന് സജിതയും പറഞ്ഞു. ഭര്‍ത്താവിന്റെ പേരില്‍ കേസെടുക്കരുത്. വനിതാ കമ്മീഷന്‍ എന്തിനാണ് കേസെടുത്തതെന്ന് അറിയില്ല. തന്റെ സമ്മതത്തോടെയാണ് റഹ്മാന്റെ വീട്ടില്‍ കഴിയുന്നത്. ഭര്‍ത്താവാണ് തന്നെ സംരക്ഷിക്കുന്നത്. റഹ്മാനൊപ്പം ജീവിക്കണമെന്നും സജിത പറഞ്ഞു.