കൊങ്കുനാട് വിവാദം ; തമിഴ്‌നാട് ബിജെപിയില്‍ ഭിന്നത

സംസ്ഥാനം വിഭജിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ തമിഴ് നാട് ബിജെപിയില്‍ ഭിന്നത. ബിജെപി കോയമ്പത്തൂര്‍ നോര്‍ത്ത് ഘടകം വിഭജനത്തെ പിന്തുണച്ച് പ്രമേയം പാസാക്കിയപ്പോള്‍ ഈറോഡ്, ചെന്നൈ ഘടകങ്ങള്‍ വിഭജന നീക്കത്തില്‍ എതിര്‍പ്പ് അറിയിച്ചു. ഇന്നലെ ചേര്‍ന്ന കോയമ്പത്തൂര്‍ നോര്‍ത്ത് ബിജെപി എക്‌സിക്യുട്ടീവ് യോഗത്തിലാണ് തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ജനങ്ങളുടെ താല്‍പര്യം അതാണെന്നും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് പ്രമേയവും പാസാക്കി. എന്നാല്‍ വിഭജനം കേന്ദ്രത്തിന്റെ പരിഗണനയില്‍ ഇല്ലെന്നാണ് ഈറോഡ് ഘടകത്തിന്റെ നിലപാട്. കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ പോലും മേഖലയോട് കാണിച്ച വിവേചനമാണ് വിഘടനവാദത്തിന് തിരികൊളുത്തിയതെന്നും അവര്‍ ആരോപിച്ചു.

സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് വിഭജന നീക്കത്തില്‍ എതിര്‍പ്പുണ്ടെന്നാണ് സൂചന. ജനവികാരം പഠിച്ച ശേഷം നിലപാടറിയിക്കാമെന്നാണ് നിയുക്ത സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമല പ്രതികരിച്ചത്. തമിഴ്‌നാട് ബിജെപിയുടെ മുന്‍ പ്രസിഡന്റ് L. മുരുകനെ കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം കൊങ്കു നാട് – തമിഴ് നാടിന്റെ പ്രതിനിധി എന്ന തരത്തില്‍ ആയിരുന്നു വിശേഷിപ്പിച്ചത്. അപ്പോഴേ തമിഴ് നാട്ടില്‍ ഇതിനെ പറ്റിയുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ വീണ്ടും പതിയെ തുടങ്ങിയിരുന്നു.

കൊങ്കു വെള്ളലര്‍ ഗൗണ്ടര്‍ എന്ന ജാതി പ്രാതിനിധ്യം കൂടുതലുള്ള കോയമ്പത്തൂര്‍, ഈറോട്, സേലം, തിരിപ്പൂര്‍, മധുര നീലഗിരി തുടങ്ങിയ പ്രദേശങ്ങളെ തമിഴ് നാട്ടില്‍ നിന്നും വിഭജിച്ചു ‘കൊങ്കു നാട് ‘ എന്ന കേന്ദ്ര ഭരണ പ്രദേശം വരും എന്ന് തമിഴ്‌നാട്ടില്‍ പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു അത് പിന്നീട് തമിഴ് നാട്ടില്‍ വന്‍ പ്രതിഷേധത്തിനു വഴിമാറിയിട്ടുണ്ട്. ഇതിനു പുറമേ വാനതി ശ്രീനിവാസന്‍ പോലുള്ള ബിജെപി നേതാവ് ‘തമിഴ് നാട് വിഭജിക്കും കൊങ്കു നാട് നിലവില്‍ വരും’ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. അതിനു പുറമേ വേറെയും ബിജെപി നേതാക്കള്‍ ഇതേ വിഷയം ഉന്നയിച്ചു മുന്നോട്ട് വരുന്നുണ്ട്.

തമിഴ് നാടിന്റെ ഏറ്റവും വലിയ ഇന്‍ഡസ്ട്രിയല്‍ ഏരിയയും 40 % സാമ്പത്തിക സ്രോതസ്സ് വരുന്നതും ഈ പ്രദേശങ്ങളില്‍ നിന്നുമാണ്. അതുപോലെ ഏറ്റവും കൂടുതല്‍ ജാതിയ അക്രമണങ്ങളും ദളിത് പീഡനങ്ങള്‍ നടക്കുന്നതും ‘തമിഴ് നാടിന്റെ ദുരഭിമാന കൊലപാതകങ്ങളുടെ തലസ്ഥാനം ‘ എന്ന് അറിയപ്പെടുന്നതും ഇതേ പ്രദേശം തന്നെയാണ്. സൗത്ത് ഇന്ത്യയില്‍ ഇങ്ങനെയൊരു പ്രദേശം ബിജെപി കണ്ണ് വെക്കുന്നത്തിന്റെ രാഷ്ട്രീയ ഉദ്ദേശങ്ങളും തമിഴ്‌നാട് സര്‍ക്കാരും ജനങ്ങളും അതിനെ എങ്ങനെ നേരിടും എന്നതുമാണ് ഇനി അറിയാന്‍.

തിരുപ്പൂര്‍, ഈറോഡ്, നാമക്കല്‍, സേലം, ധര്‍മപുരി, നീലഗിരി, കരൂര്‍, കൃഷ്ണഗിരി എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന കൊങ്കുനാടിന് കീഴില്‍ 10 ലോക്സഭ, 61 നിയമസഭാ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങള്‍ കൂടി ചേര്‍ത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ കൊങ്കുനാടിനെ തമിഴ്‌നാട്ടില്‍ നിന്ന് വിഭജിക്കാനാണ് ബിജെപിയുടെ ശ്രമെന്നാണ് ആരോപണം. അണ്ണാഡി.എം.കെയുടെ ശക്തികേന്ദ്രമാണ് കൊങ്കുനാട്. ഇവിടെ ബിജെപിക്കും നേരിയ സ്വാധീനമുണ്ട്. അണ്ണാഡിഎംകെയും ബിജെപിയും സഖ്യത്തിലാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നാണ് ആരോപണം.