കനത്ത മഴ ; കളമശ്ശേരിയില്‍ മൂന്നുനില വീട് നിലംപൊത്തി

കേരളത്തില്‍ പലയിടത്തും ശക്തമായ മഴ തുടരുന്നു . എറണാകുളം കൂനംതൈയ്യില്‍ കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണു. തലനാരിഴക്കാണ് കുടുംബം രക്ഷപ്പെട്ടത്. പുലര്‍ച്ചെയാണ് എറണാകുളം കൂനംതൈയ്യില്‍ ഹംസയുടെ മൂന്ന് നില വീട് നിലംപൊത്തിയത്. വീടിനകത്ത് കുടുങ്ങിയവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. കരിങ്കല്‍ അടിത്തറയില്‍ ചെങ്കല്ല് കൊണ്ട് പണിത താഴത്തെ നില പൂര്‍ണമായി തകര്‍ന്നു. തകര്‍ന്ന ഭാഗം സമീപത്തെ വീടിനും ഭീഷണിയായിരിക്കുകയാണ്. ക്രെയിന്‍ ഉപയോഗിച്ച് വീടിന്റെ പ്രധാന ഭാഗങ്ങള്‍ നീക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‌സ്. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യബന്ധനത്തിനും വിലക്കുണ്ട്. പല വടക്കന്‍ ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്.