കനത്ത മഴ ; ആലുവ മണപ്പുറത്തെ ഒരു ഭാഗം മുങ്ങി

കനത്ത മഴ തുടരുന്നതിന്റെ പിന്നാലെ ആലുവ ശിവരാത്രി മണപ്പുറത്തെ ഒരു ഭാഗം വെള്ളത്തിനടിയിലായി. നദിയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. പെരിയാറിന്റെ തീര പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ആലുവ ശിവരാത്രി മണപ്പുറത്തെ കുളിക്കടവടക്കമുള്ള കിഴക്കു ഭാഗം വെള്ളത്തിനടിയിലായി. ശിവക്ഷേത്രത്തിനകത്തെ ചുറ്റമ്പലത്തില്‍ നേരത്തെ വെള്ളം കയറിയിരുന്നു. പുഴയിലെ ജല നിരപ്പുയര്‍ന്നതോടെ ക്ഷേത്രത്തിന്റെ ചുറ്റുഭാഗവും വെള്ളത്തിലായി. ഏതാനും മണിക്കൂറിനുള്ളില്‍ ഒരടി വെള്ളമുയര്‍ന്നു. അര്‍ദ്ധരാത്രി വരെ കടലില്‍ വേലിയേറ്റമായതിനാല്‍ ഇനിയും ജലനിരപ്പുയരാനാണ് സാധ്യത.

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്നും നാളെയും പതിനാല് ജില്ലകള്‍ക്കും മഴമുന്നറിയിപ്പ് നല്‍കി. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ കനത്തേക്കും. ശക്തമായ കാറ്റോട് കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.