കൊവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം ; വാക്സിനെടുക്കാത്തവര്‍ക്കും കടയില്‍ പോകാം

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. ഇതുവരെ വാക്സിന്‍ ലഭ്യമാകാത്തവര്‍ക്കും ചില അസുഖങ്ങള്‍ കാരണം വാക്സിന്‍ സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്കും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനു കടകളില്‍ പോകാന്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കടകളിലും മറ്റും പോകാന്‍ അര്‍ഹതാ മാനദണ്ഡമുള്ള ആരും തന്നെ വീട്ടിലില്ലെങ്കില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകാവുന്നതാണ്. ഇത്തരത്തിലുള്ള വീടുകളില്‍ ഹോം ഡെലിവറി ചെയ്യാന്‍ വ്യാപാരികള്‍ ശ്രദ്ധിക്കണം. അവര്‍ക്ക് കടകളില്‍ പ്രത്യേക പരിഗണന നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൂടാതെ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 14ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടെയ്മെന്റ് സോണുകള്‍ അന്‍പത് ശതമാനം വര്‍ധിപ്പിക്കും. ഓണത്തിന് ആള്‍ക്കൂട്ടമുണ്ടാക്കുന്ന പരിപാടികള്‍ അനുവദിക്കില്ല. ബീച്ചുകളില്‍ നിയന്ത്രണമുണ്ടാകും. വഴിയോര കച്ചവടത്തിന് ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമാണ് അനുമതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ മാസപൂജയ്ക്ക് പ്രതിദിനം 15,000 പേര്‍ക്ക് പ്രവേശിക്കാം.

വിദേശത്തു പോകാനായി വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നതിനു ഏകീകൃത നിരക്ക് നിശ്ചയിക്കും. സ്വകാര്യ ആശുപത്രികള്‍ക്കു നല്‍കാനായി 20 ലക്ഷം ഡോസ് വാക്സിന്‍ വാങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഏതൊക്കെ ആശുപത്രികള്‍ക്ക് എത്ര വാക്സിന്‍ എന്നത് നേരത്തെ ധാരണയുണ്ടാക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാക്സിന്‍ നല്‍കാനുള്ള സൗകര്യങ്ങള്‍ മുന്‍കൂട്ടി ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.