ഒരു വിമാനത്തില്‍ 800 പേര്‍ ; ഇത്രയും യാത്രക്കാരുമായി സി-17 ഗ്ലോബ്മാസ്റ്റര്‍ പറന്നതെങ്ങനെ?

കഴിഞ്ഞ ദിവസം ലോകത്തുടനീളം ചര്‍ച്ച ചെയ്യപ്പെട്ട ദൃശ്യമാണ് യുഎസ് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ 3 വിമാനത്തിലേത്. 640 അഫ്ഗാനികളെ കുത്തിനിറച്ച് ഖത്തറിലെ ഉദൈദ് വിമാനത്താവളത്തിലേക്ക് സി-17 നടത്തിയ അതിസാഹസിക യാത്രയാണ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. അഫ്ഗാന്‍ ജനത അനുഭവിക്കുന്ന പ്രതിസന്ധിയുടെ നേര്‍ച്ചിത്രമായി പലരും ഈ ചിത്രത്തെ വിശേഷിപ്പിക്കുകയുണ്ടായി. പരമാവധി 77,564 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ള വിമാനത്തിലാണ് യുഎസ് സേന 640 അഫ്ഗാനികള്‍ക്ക് ഇടമൊരുക്കിയതെന്ന് പ്രതിരോധ വെബ്സൈറ്റായ ഡിഫന്‍സ് വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് യുഎസ് സൈനിക വിമാനത്തില്‍ ഇത്രയും കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത്.

കാബൂളില്‍ നിന്നും പറന്ന സി-17എ ചരക്കുവിമാനം ഖത്തറിലാണ് ഇറങ്ങിയത്. അവിടുത്തെ അല്‍ ഉദൈയ്ദ് വ്യോമതാവളത്തിലെ എയര്‍ട്രാഫിക്ക് കണ്‍ട്രോള്‍ വിമാനത്തില്‍ ഇറങ്ങും മുന്‍പ് പൈലറ്റിനോട് ചോദിച്ചു, എത്രപേരുണ്ട് വിമാനത്തില്‍. 800 ഓളം പേരുണ്ട് വിമാനത്തില്‍, ശരിക്കും വിമാനതാവള അധികൃതര്‍ ഞെട്ടി. പരമാവധി 174 പേരെ വഹിക്കാവുന്ന രീതിയിലാണ് വിമാനം തയ്യാറാക്കിയത്. നിര്‍മ്മാതാക്കളായ ബോയിംഗ് പോലും ചിന്തിച്ച് കാണില്ല ഇത്തരം ഒരു യാത്ര. പരമാവധി 134 പേര്‍ക്കാണ് ഈ വിമാനത്തില്‍ ഇരുന്ന് സഞ്ചരിക്കുവാന്‍ സാധിച്ചിരുന്നത്. ശരിക്കും സി-17എ ഗ്ലോബല്‍ മാസ്റ്റര്‍ എന്ന വിമാനത്തിന് വഹിക്കാന്‍ കഴിയുന്ന ഭാരം 171,000 പൌണ്ടാണ്. ഒരാള്‍ക്ക് 200 പൌണ്ട് എന്ന് കൂട്ടിയാല്‍ 800 പേരെ വഹിക്കാന്‍ ഈ വിമാനത്തിന് കഴിയും. എങ്കിലും ഫുള്‍ ലോഡിലുള്ള ആകാശയാത്ര ശരിക്കും അപകടകരം തന്നെയാണ്. അത്യാവശ്യഘട്ടങ്ങളില്‍ ഇതില്‍ കൂടുതല്‍ ആളുകളെ എടുക്കാം. എന്നാല്‍ 800 പേര്‍ എന്നത് അമേരിക്കന്‍ എയര്‍ഫോഴ്‌സ് എടുത്ത കടുത്ത നടപടിയാണ് എന്നാണ് വ്യോമയാന രംഗത്തുള്ളവരുടെ അഭിപ്രായം.

2013ലാണ് ഇതിനു മുമ്പ് സി-17 ഇത്രയും വലിയ ഒഴിപ്പിക്കല്‍ നടത്തിയത്. ഹൈയാന്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് തക്ലോബാനില്‍ നിന്ന് മനിലയിലേക്ക് 670 പേരെയാണ് വിമാനം കൊണ്ടുപോയത്. 1980-90 കാലയളവില്‍ യുഎസ് എയര്‍ഫോഴ്സ് വികസിപ്പിച്ച മിലിറ്ററി ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റാണ് ബോയിങ് സി-17 ഗ്ലാബ്മാസ്റ്റര്‍ 3. തന്ത്രപ്രധാന എയര്‍ലിഫ്റ്റ് ദൗത്യങ്ങള്‍, മെഡിക്കല്‍ ഇവാക്വേഷന്‍, എയര്‍ ഡ്രോപ് എന്നിവയ്ക്കാണ് ഇവ ഉപയോഗിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയ്ക്കും ബ്രിട്ടന്റെ റോയല്‍ എയര്‍ഫോഴ്സിനും സി-17 വിമാനങ്ങളുണ്ട്. വിശ്വാസ്യതയാണ് സി-17നെ വേറിട്ടുനിര്‍ത്തുന്നത്. 92 ശതമാനമാണ് വിമാനത്തിന്റെ ദൗത്യ പൂര്‍ണതയെന്ന് യുഎസ് നേവി വെബ്സൈറ്റ് പറയുന്നു. പൈലറ്റ്, സഹപൈലറ്റ്, ലോഡ് മാസ്റ്റര്‍ എന്നിവര്‍ അടങ്ങുന്ന മൂന്ന് ക്രൂ ആണ് വിമാനം നിയന്ത്രിക്കുന്നത്. 77519 കിലോഗ്രാം (170,900 പൗണ്ട്) ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. പരമാവധി ടേക്ക്ഓഫ് ഭാരം 265,352 കിലോഗ്രാം. മണിക്കൂറില്‍ 830 കിലോമീറ്ററാണ് ക്രൂസിങ് വേഗം.

ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഭാരം വഹിക്കാന്‍ കഴിയുന്ന വിമാനമാണ് സി17 എ. യുഎസ് വിമാന നിര്‍മാണ കമ്പനിയായ ബോയിങ്ങിന്റെ ഹെവിലിഫ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റാണ് സി-17. അടിയന്ത സാഹചര്യങ്ങളിലെ വലിയ ചരക്കു നീക്കങ്ങള്‍, രക്ഷപ്രവര്‍ത്തനം, സൈനിക വിന്യാസം തുടങ്ങിയതാണ് പ്രധാന ദൌത്യങ്ങള്‍. ഇന്ത്യന്‍ സൈന്യവും ഈ വിമാനം ഉപയോഗിക്കുന്നുണ്ട്.