സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യ വില്പനയ്ക്ക് മികച്ച പ്രതികരണം
സംസ്ഥനത്തെ ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യാനുളള സംവിധാനത്തിന് മികച്ച പ്രതികരണം. ആദ്യ ദിനം തന്നെ 400 ഓളം പേരാണ് ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്തത്. പുതിയ രീതി വിജയിച്ചുവെന്നാണ് ബിവറേജസ് കോര്‍പ്പറേഷന്റെ വിലയിരുത്തല്‍. ഒരു പരാതി പോലും ലഭിച്ചില്ലെന്ന് മാനേജിംഗ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത അറിയിച്ചു. തിരുവനന്തപുരത്ത് പഴവങ്ങാടി, കോഴിക്കോട് പാവമണി റോഡ്, കൊച്ചി മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകളില്‍ (Bevco) നിന്നും മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്ത് വാങ്ങാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരുന്നത്.
ഓണ്‍ലൈന്‍ വഴി കോഴിക്കോട് 96,980 രൂപയ്ക്കും, കൊച്ചിയില്‍ 67,800 രൂപയ്ക്കും, തിരുവനന്തപുരത്ത് 60,840 രൂപയ്ക്കുമാണ് ഇന്നലെ കച്ചവടം നടന്നത്. എന്തായാലും പദ്ധതി ആരംഭിച്ച ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം ലഭിച്ച സാഹചര്യത്തില്‍ ഓണത്തിന് ശേഷം 22 ഷോപ്പുകളില്‍ കൂടി ഈ സൗകര്യം ഏര്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. ശേഷം എല്ലാ ഷോപ്പുകളിലേക്കും വ്യാപിപ്പിക്കും. മദ്യം വില്‍ക്കുന്ന ആപ്ലിക്കേഷനുകള്‍ക്ക് ഗൂഗിള്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളതിനാലാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കാന്‍ കഴിയാത്തത്. എന്നാല്‍ ഇതൊരു സര്‍ക്കാര്‍ സംരംഭമാണെന്ന് കാണിച്ച് ഇതിനായി ശ്രമം തുടരുന്നുണ്ടെന്നും യോഗേഷ് ഗുപ്ത പറഞ്ഞു.